കൊച്ചി : മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ അനധികൃത സമ്പാദനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് അനധികൃതമായി സമ്പാദിച്ച പണം സ്വകാര്യ അക്കൗണ്ടിലൂടെ മാറ്റിയെടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പാലാരിവട്ടം പാലം അഴിമതിക്കേസ് ഉള്‍പ്പടെ വിവിധ പദ്ധതികളില്‍ ഇത്തത്തില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജും സ്വകാര്യ ബാങ്ക് അക്കൗണ്ട് വഴി പണം വെട്ടിപ്പ് നടത്തിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. പത്തുകോടി രൂപയില്‍ കുറയാത്ത തുക ഹര്‍ജിക്കാരന്‍ പറയുന്ന നിശ്ചിത അക്കൗണ്ടിലൂടെ കൈമാറിയിട്ടുണ്ടെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചതോടെയാണ് ഹൈക്കോടതി അന്വേഷണം വേണമെന്ന നിലപാട് സ്വീകരിച്ചത്. പാലാരിവട്ടം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞും. പൊതുമരാമത്ത് മുന്‍സെക്രട്ടറി ടി.ഒ. സൂരജും കൂടി സമാഹരിച്ച തുകയാണിതെന്നാണ് വെളിപ്പെടുത്തല്‍.
ഈ സാഹചര്യത്തിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കോടതി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സും അന്വേഷണത്തിന് സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. ഇബ്രാഹിംകുഞ്ഞ് കൈക്കൂലി വാങ്ങിയോ എന്ന് പരിശോധിക്കാന്‍ തയ്യാറാണെന്ന് വിജിലന്‍സും കോടതിയെ അറിയിച്ചിട്ടുണ്ട്്.
സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും വെട്ടിച്ച പണം അതിന്റെ ഉറവിടം വ്യക്തമാക്കാതെ കൊച്ചിയിലെ രണ്ട് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് വന്നത്. നോട്ടുനിരോധനകാലത്ത് ആരുടേതെന്ന് വ്യക്തമാക്കാതെ ഈ അക്കൗണ്ട് വഴി ഈ പണം വെളുപ്പിച്ചെന്നാണു ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കേസില്‍ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരം പരിശോധിക്കേണ്ടത് എന്‍ഫോഴ്‌സ്‌മെന്റാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം സര്‍ക്കാരില്‍ നിന്നുള്ള പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാലുടന്‍ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിക്കുമെന്നും വിജിലന്‍സ് കോടതിയോടു പറഞ്ഞു. ഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്നതിലേക്ക് മാറ്റി.
















