അയ്യപ്പസ്വാമിയുടെ അനുഗ്രഹം: മാതൃസമിതി
ശബരിമല യുവതീപ്രവേശം സംബന്ധിച്ച് പുനപ്പരിശോധനാ ഹര്‍ജി ഏഴംഗ ബെഞ്ചിനുവിട്ട സുപ്രീംകോടതിവിധി അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി മാതൃസമിതി സംസ്ഥാന അധ്യക്ഷ ഡോ. ശ്രീഗംഗയും ജനറല്‍ സെക്രട്ടറി എസ്. പ്രേമലത രാമകൃഷ്ണനും പ്രതികരിച്ചു. അയ്യപ്പഭക്തരുടെ വികാരം മാനിക്കുന്ന ഈ വിധിയില്‍ സന്തോഷമുണ്ട്. ശബരിമലക്ഷേത്രത്തില്‍ യുവതീപ്രവേശം പാടില്ലെന്നത് സഹസ്രാബ്ദങ്ങളായി തുടരുന്ന ആചാരമാണ്. അത് ലംഘിക്കരുതെന്ന അയ്യപ്പസ്വാമിയുടെ ഇച്ഛയാണ് സുപ്രീംകോടതിവിധിയിലൂടെ പ്രകടമായിരിക്കുന്നതെന്നും ഡോ. ശ്രീഗംഗ ചൂണ്ടിക്കാട്ടി.
യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിരവധി പുനപ്പരിശോധനാ ഹര്‍ജികള്‍ക്കൊപ്പം കേരള ക്ഷേത്രസംരക്ഷണസമിതി മാതൃസമിതിയും കക്ഷിചേര്‍ന്നിരുന്നു. കേസിന്റെ തുടര്‍നടപടികളില്‍ മാതൃസമിതി സജീവമായി പങ്കുചേരും. ഏഴംഗ വിശാലബെഞ്ച് ഭക്തരുടെ വിശ്വാസം മാനിച്ച് ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താതെ മുന്നോട്ടുപോകാന്‍ വിധിക്കുമെന്നാണ് മാതൃസമിതിയുടെ പ്രതീക്ഷ.
ശബരിമല അയ്യപ്പന്റെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള നിരീശ്വരവാദികളുടെ ഏതുനീക്കത്തെയും മാതൃസമിതി ശക്തമായി പ്രതിരോധിക്കുമെന്നും ഡോ. ശ്രീഗംഗ ജന്മഭൂമിയോടു പറഞ്ഞു.
പ്രതീക്ഷ നല്‍കുന്നു: ഇടമന ബാലമുരളി(ശബരിമല മുന്‍ മേല്‍ശാന്തി)
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് പുനപ്പരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിനുവിട്ട സുപ്രീംകോടതി നടപടി ഏറെപ്രതീക്ഷ നല്‍കുന്നതാണെന്ന് ശബരിമല മുന്‍ മേല്‍ശാന്തിയും ആലുവ തന്ത്രവിദ്യാപീഠം സെക്രട്ടറിയുമായ ഇടമന എന്‍. ബാലമുരളി.
വിധി പുനപ്പരിശോധിക്കുമ്പോള്‍ ശബരിമല അയ്യപ്പസ്വാമിയുടെ ആചാരാനുഷ്ഠാനങ്ങളുടെ പ്രത്യേകതകള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ സാധിക്കും. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിന്റെ പ്രത്യേകതയും ഏഴംഗ ബെഞ്ചിനെ ബോധ്യപ്പെടുത്തണം. അങ്ങനെയെങ്കില്‍ ഇനി വരുന്ന വിധി അയോധ്യയിലെ പോലെ അനുകൂലമാകാന്‍ സാധ്യതയുണ്ട്. നല്ല വിധി വരുമെന്ന പ്രതീക്ഷയാണുള്ളത്.
ഇത്തവണത്തെ മണ്ഡലകാലം സമാധാനപരമായി കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണം. തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്ന അവരുടെ പറച്ചില്‍ സത്യമാണെന്ന് തെളിയിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. എന്തായാലും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടാതെ തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു.
മനമുരുകിയ പ്രാര്‍ഥനയുടെ ഫലം:ഈറോഡ് എന്‍. രാജന്‍(ശബരിമല അയ്യപ്പ സേവാസമാജം)
കോടിക്കണക്കിനു അയ്യപ്പവിശ്വാസികളുടെ മനമുരുകിയ പ്രാര്‍ഥനയുടെ ഫലമായി, അവരുടെ വിശ്വാസവും വികാരവും മനസിലാക്കിയ അയ്യനയ്യപ്പന്‍ അവര്‍ക്കു കനിഞ്ഞരുളിയ ഒരു തല്‍ക്കാല വരമായി, പരമോന്നത കോടതിയുടെ വിധിയെ ശബരിമല അയ്യപ്പ സേവാ സമാജം കാണുന്നു. അതുകൊണ്ടു എല്ലാ അയ്യപ്പ വിശ്വാസികളോടൊപ്പം ശബരിമല അയ്യപ്പ സേവാ സമാജവും ഈ വിധിയെ അത്യന്തം ആഹ്ലാദത്തോടു കൂടി സ്വാഗതം ചെയ്യുകയാണ്.
ഈ അവസരത്തില്‍ ബഹുമാനപ്പെട്ട കേരള സര്‍ക്കാരിനോട് ഒരു അപേക്ഷ മാത്രം, കഴിഞ്ഞതെല്ലാം മറന്നു ഈ വരുന്ന തീര്‍ഥാടന കാലത്തു ശബരിമല ദര്‍ശനത്തിനായി വരുന്ന അയ്യപ്പ ഭക്തന്മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സുഗമമായ ദര്‍ശനത്തിനും നെയ്യഭിഷേകം മുതലായ വഴിപാടുകള്‍ക്കും സഹായകമാകുന്ന തരത്തില്‍ സര്‍ക്കാരും പോലീസും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു ശബരിമല അയ്യപ്പ സേവാ സമാജം ആവശ്യപ്പെടുന്നു.
അയ്യപ്പഭക്തര്‍ക്ക് സന്തോഷം പകരുന്ന വിധി: പന്തളം കൊട്ടാരം
ശബരിമല വിഷയത്തില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനപ്പരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ വിധി സന്തോഷമുള്ളതാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര്‍ വര്‍മ.
ഏറെ നാളായി അയ്യപ്പ ഭക്തരുടെ മനസ്സിലുണ്ടായിരുന്ന വിങ്ങലിനാണ് സുപ്രീം കോടതിയുടെ ഈ വിധിയിലൂടെ അവസാനമായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ ആനന്ദമുണ്ടാക്കുന്ന തീരുമാനമാണിത്. മുഴുവന്‍ അയ്യപ്പഭക്തരുടെയും മനസിലെ വികാരം അതേ രീതിയില്‍ ഉള്‍ക്കൊണ്ടുകൊള്ളുന്നതിനാലാണ് കേസ് വിശാല ബഞ്ചിലേക്ക് മാറ്റുന്നത്. വിധി പുനപരിശോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പഴയ തീരുമാനം പിശകായിരുന്നു എന്ന സംശയം കോടതിക്കുമുണ്ട് എന്ന് വ്യക്തമാകുകയാണ്. തീരുമാനം ശുഭോദര്‍ക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്തര്‍ക്ക് ആത്മവിശ്വാസംപകരുന്നു: തന്ത്രി കണ്ഠര് രാജീവര്
ശബരിമല യുവതീപ്രവേശന വിഷയത്തിലെ പുനപ്പരിശോധനാ ഹര്‍ജി ഏഴംഗ ബഞ്ചിന് വിട്ട സുപ്രീം കോടതിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. ഇത് ഭക്തര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമേകും.
വിശ്വാസികള്‍ക്കും ഭക്തര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് വിധി. മതത്തേയും അവരുടെ വിശ്വാസത്തേയും അവരുടെ വഴിക്ക് വിടണം. വിശ്വാസത്തേയും നിയമത്തേയും കൂട്ടികുഴയ്‌ക്കാതിരിക്കുന്നതാണ് നല്ലത്. നിലവിലെ അവസ്ഥയില്‍ നടപടിയില്‍ സാവകാശം കൊടുക്കണമോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്.
സുപ്രീംകോടതി ഉത്തരവ് ഗുണകരം: എസ്എന്‍ഡിപി
സുപ്രീംകോടതി വിധി പുനപ്പരിശോധനാ ഹര്‍ജി നല്‍കിയവര്‍ക്ക് ഗുണകരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുന്ന വിധിയാണ്. അന്തിമവിധി വരും വരെ കാത്തിരിക്കണം. അതുവരെ വിശ്വാസികളായ യുവതികള്‍ ശബരിമലയ്‌ക്ക് പോവില്ലെന്നാണ് കരുതുന്നത്. ഇത്തവണ യുവതികളെ എത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് തോന്നുന്നില്ല. ഏഴംഗ ബെഞ്ചിനു വിട്ടതോടെ പഴയ വിധി സ്റ്റേ ചെയ്തതിനു തുല്യമാണ്. ഇത്തവണത്തെ മണ്ഡലകാലം സമാധാനപരമായിരിക്കുമെന്നാണ് പ്രതീക്ഷ.
വിധി സ്വാഗതാര്‍ഹം: ധീവരസഭ
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പുനപ്പരിശോധനാ ഹര്‍ജി ഏഴംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടാനുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ തീരുമാനത്തെ ധീവരസഭ സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി വി. ദിനകരന്‍. ഇപ്പോഴത്തെ തീരുമാനം വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഏഴംഗ ബെഞ്ചിന്റെ ഉത്തരവ് വരുന്നത് വരെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകരുത്. വിശ്വാസികളുടെ വികാരം കണക്കിലെടുക്കണം.
ആഹ്ലാദകരം: വത്സന്‍ തില്ലങ്കേരി
സുപ്രീംകോടതിയുടെ തീരുമാനം വിശ്വാസികള്‍ക്ക് ആഹ്ലാദകരവും കേരളത്തിന് ആശ്വാസകരവുമാണെന്ന് ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി.പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിധിയെ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണം. വിശാലമായ ബഞ്ചിന് വിടുക എന്ന വിധിപ്രസ്താവത്തിലൂടെ സ്ത്രീപ്രവേശന വിഷയത്തില്‍ കോടതിയുടെ മുന്‍ നിലപാടില്‍ പാകപ്പിഴവ് ഉണ്ടെന്ന് സുപ്രീംകോടതി അംഗീകരിക്കുകയാണ്. യുവതികള്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കുവാന്‍ വന്നാല്‍ സര്‍ക്കാര്‍ തടയണം. യുവതികള്‍ മല കയറാന്‍ വന്നാല്‍ എന്തുനിലപാട് എടുക്കണമെന്ന് കര്‍മ സമിതി ആലോചിച്ച് തീരുമാനിക്കും.
സര്‍ക്കാര്‍ ദുരഭിമാനം വെടിയണം:എം.ടി. രമേശ്(ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി )
വിശ്വാസികള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് കോടതി അംഗീകരിച്ചുവെന്ന് എം.ടി രമേശ്.പുനപരിശോധനാ ഹര്‍ജി പരിഗണിക്കേണ്ടതാണെന്ന് മനസിലാക്കിയാണ് സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് കേസ് കൈമാറിയത്. ഇനി സാങ്കേതികത്വം പറഞ്ഞു അവിശ്വാസികളെ ശബരിമലയില്‍ എത്തിക്കാന്‍ നോക്കരുത്. അത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. ദുരഭിമാനം വെടിയാന്‍ സര്‍ക്കാര്‍ തയാറാകണം. അവിശ്വാസികളെ സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ ഉപേക്ഷിക്കണം ദേവസ്വം ബോര്‍ഡും നിലപാട് തിരുത്തണം.
ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പം നിന്ന് നിലവിലുള്ള സത്യവാങ്മൂലം ബോര്‍ഡ് പിന്‍വലിക്കണം. സര്‍ക്കാര്‍ പുനപരിശോധനാ വിധി വരുന്നത് വരെ കാത്തിരിക്കാന്‍ തയാറാകണം. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. നവോഥാനത്തിന്റെ പരിധിയില്‍ പള്ളി പ്രവേശനവും വരുമോ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം.
ജനകോടികളുടെ പ്രാര്‍ഥനാഫലം:ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം
ആഴത്തിലുള്ള ആചാരനുഷ്ഠാന വിശ്വാസ സംരക്ഷണത്തിനായി മനസ്സുരുകി പ്രാര്‍ത്ഥിച്ച ജനകോടികളുടെ പ്രാര്‍ത്ഥനാ ഫലമാണ് ശബരിമല യുവതി പ്രവേശന വിഷയത്തിലുണ്ടായ സുപ്രീംകോടതി വിധിയെന്ന് ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് പി.വി. സുധീര്‍ നമ്പീശന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിധി വിശാല ബഞ്ചിന് പുനഃപരിശോധനയ്‌ക്ക് വിട്ടത് ഉചിതവും തീര്‍ത്തും സ്വാഗതാര്‍ഹമാണ്.
ശബരിമലയെ സംരക്ഷിക്കണം:പുതുമന മനുനമ്പൂതിരി(മാളികപ്പുറം മുന്‍ മേല്‍ശാന്തി)
ശബരിമല ക്ഷേത്ര സന്നിധിയും ഹൈന്ദവാചാരങ്ങളും എല്ലാ ഈശ്വര വിശ്വാസികളും ഒത്ത് ചേര്‍ന്ന് സംരക്ഷിക്കേണ്ടതിന്റെ സന്ദര്‍ഭം വന്നുചേര്‍ന്നിരിക്കുകയാണെന്ന് മുന്‍ മാളികപ്പുറം മേല്‍ശാന്തി പുതുമന മനുനമ്പൂതിരി. കോടതി വിധി വിശദമായ വാദം കേള്‍ക്കാന്‍ ഇരിക്കെ പമ്പ മുതല്‍ പുണ്യപൂങ്കാവനം ഉള്‍പ്പെടെയുള്ള ശബരി സന്നിധിയുടെ പവിത്രത കാത്ത് സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം എല്ലാ അയ്യപ്പ ഭക്തരുടെയും കര്‍ത്തവ്യമാണ്.
വിശ്വാസത്തിന്റെയുംവിശ്വാസി സമൂഹത്തിന്റെയും വിജയം: എന്‍എസ്എസ്
ശബരിമല കേസിലെ ഹര്‍ജി ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷ തീരുമാനപ്രകാരം വിശാലമായ ഏഴംഗ ബെഞ്ചിന് വിട്ടുള്ള സുപ്രീംകോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്എസ.്
മൂന്ന് ജഡ്ജിമാരുടെ വിധിയായിരിക്കും ഇനിയും നടപ്പാക്കുന്നത്. വിശ്വാസത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും വിജയമായിട്ടാണ് ഈ വിധിയെ കാണുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
ആചാര സംരക്ഷണത്തിന് നടപടി സ്വീകരിക്കണം: അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്(ശബരിമല അയ്യപ്പസേവാ സമാജം പ്രസിഡന്റ്)
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍ബന്ധമായും പാലിക്കപ്പെടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ശബരിമല അയ്യപ്പസേവാ സമാജം പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. ഏതു മതത്തിന്റെ ആയാലും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണം. കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കാതെ ആചാര സംരക്ഷണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
വിശ്വാസികളായ സ്ത്രീകള്‍ പോകില്ല: മന്ത്രി എം.എം. മണി
വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ലെന്ന് മന്ത്രി എം.എം. മണി. സ്ത്രീകള്‍ക്ക് മാത്രം ബാധകമായ ആര്‍ത്തവ കാലമുള്ളതിനാല്‍ ശബരിമലയില്‍ പോയിക്കൂടായെന്നുള്ളത് പണ്ട് മുതലേ അവര്‍ ആചരിച്ച് വരുന്നതാണ്. കട്ടപ്പനയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധി സ്വാഗതം ചെയ്യുന്നു, അംഗീകരിക്കുന്നു. മലകയറാന്‍ വന്നാല്‍ സുരക്ഷയൊരുക്കുമോ എന്നത് ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കട്ടെ.
















