കണ്ണൂര്‍: കേരളത്തിന്റെ കൗമാര കായികക്കുതിപ്പിനൊരുങ്ങി കണ്ണൂര്‍ മാങ്ങാട്ടുപറമ്പ്. രാജ്യത്തെ തന്നെ പ്രധാന കായിക മാമാങ്കങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന 63-ാം സംസ്ഥാന സ്കൂള്‍ കായികോത്സവം മാങ്ങാട്ടുപറമ്പില്‍ സജ്ജമായ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 63-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവമാണ് 16 മുതല്‍ 19 വരെ മാങ്ങാട്ടുപറമ്പിലെ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ആദ്യമായാണ് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് മാങ്ങാട്ടുപറമ്പ് സ്റ്റേഡിയം വേദിയാകുന്നത്. 5000 പേര്‍ക്ക് മത്സരങ്ങള്‍ കാണാനുള്ള സൗകര്യവും ഒരേക്കര്‍ സ്ഥലത്ത് വാമിംഗ് അപ് ഏരിയയും തയ്യാറാക്കിയിട്ടുണ്ട്.
അത്ലറ്റിക് ഫെഡറേഷന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് ട്രാക്കും സ്റ്റേഡിയവും തയ്യാറാക്കിയിരിക്കുന്നത്. ഫെഡറേഷന്റെ ബി ലെവല്‍ സര്‍ട്ടിഫിക്കറ്റുള്ള സ്റ്റേഡിയമാണിത്. ഇന്ത്യയില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റുള്ള സ്റ്റേഡിയങ്ങള്‍ അപൂര്‍വമാണ്. കേരളത്തില്‍ ഇത്തരത്തിലുള്ള സ്റ്റേഡിയമില്ല. 2003ല്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലായിരുന്നു 47-ാമത് മീറ്റ് നടന്നത്. പിന്നീട് 16 വര്‍ഷത്തിനുശേഷമാണ് വീണ്ടും കണ്ണൂരില്‍ മേള എത്തുന്നത്. നഗരത്തില്‍ നിന്നും മാറി മാങ്ങാട്ടുപറമ്പിലേക്ക് മാറുന്നത് മേളയെ ബാധിക്കുമോ എന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. വിവിധ ജില്ലാ കായികമേളകളില്‍ വിവിധയിടങ്ങളില്‍ മത്സരങ്ങള്‍ക്കിടെ അപകടങ്ങള്‍ നടന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ സുരക്ഷയില്‍ മത്സരങ്ങള്‍ നടത്താനുളള തയ്യാറെടുപ്പുകള്‍ അധികൃതര്‍ എടുത്തിട്ടുണ്ട്. ഹാമര്‍ കേജ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. അപകടസാധ്യത ഒഴിവാക്കാന്‍ ഹാമര്‍ മത്സരസമയത്ത് മറ്റ് മത്സരങ്ങളൊന്നും സമീപത്ത് നടത്തില്ല.
100 കിടക്കകളുള്ള ഡോര്‍മിറ്ററി സംവിധാനവും ആവശ്യത്തിനു ടോയ്ലെറ്റുകളും സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളും ഒഫീഷ്യലുകളും വോളന്റിയര്‍മാരും ഉള്‍പ്പെടെ 3500 ലേറെപ്പേര്‍ കായികോത്സവത്തില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്ലാസ്റ്റിക് രഹിത മേളയാകും ഇത്തവണ നടത്തുക. ഒരേസമയം 600 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന പന്തലും കായികോത്സവത്തിനായി ഒരുക്കും. കഴിഞ്ഞ ഡിസംബറില്‍ സര്‍വകലാശാലാ കായികമേള നടന്നിരുന്നെങ്കിലും ആദ്യമായാണ് ഇത്രയും വലിയൊരു കായികമേള മാങ്ങാട്ടുപറമ്പ് സാക്ഷ്യം വഹിക്കുന്നത്. മേളയെ ആഘോഷമാക്കി മാറ്റാനുളള തയ്യാറെടുപ്പിലാണ് മാങ്ങാട്ടുപറമ്പിലും ധര്മ്മശാലയിലുമുളള പ്രദേശവാസികളും ജില്ലാ ഭരണകൂടവും കായിക പ്രേമികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: