മൂന്നാര്‍: ഗ്യാപ്പ് റോഡും പെരിയവാര പാലവും അടച്ചതോടെ രാജ്യത്തെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിനെ കൈവിട്ട് ഉത്തരേന്ത്യന്‍ സഞ്ചാരികള്‍. ഉത്തരേന്ത്യയില്‍ നിന്നുള്ളവരും തമിഴ്നാട്ടില്‍ നിന്നുള്ളവരുമാണ് മൂന്നാറിന്റെ കുളിര് തേടി ഏറ്റവും കൂടുതലായി എത്തുന്നത്.
ദേശീയപാത 185ല്‍പ്പെട്ട ദേവികുളം-ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാലരമാസത്തിലധികമായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ കഴിഞ്ഞ ആഴ്ച പുതിയ പാലത്തിന്റെ പൈലിങ്ങിനിടെ മൂന്നാര്‍-മറയൂര്‍-ഉദുമല്‍പ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ പെരിയവാര സമാന്തര പാലത്തിന്റെ വശം ഇടിഞ്ഞു. അറ്റകുറ്റപ്പണിക്കായി ഇത് അടച്ചതാണ് തമിഴ്നാട്ടില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് തിരിച്ചടിയാകുന്നത്. പലരും തങ്ങളുടെ യാത്ര വഴി തിരിച്ച് വിടുകയാണ്. ചെറിയ വാഹനങ്ങള്‍ കടത്തി വിടുങ്കിലും ടൂറിസം മേഖലയ്ക്ക് ഗുണപ്പെടുന്നില്ല.
കഴിഞ്ഞ പ്രളയകാലം മുതലാണ് മൂന്നാറിന്റെ ശനിദശ ആരംഭിച്ചത്. ഒരു വ്യാഴവട്ടത്തിനിപ്പുറം പൂക്കുന്ന നീലക്കുറിഞ്ഞി സീസണിന് വേണ്ടി വലിയ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും ഇതെല്ലാം മഴ കൊണ്ടുപോയി. താരതമ്യേന അല്‍പ്പമെങ്കിലും സഞ്ചാരികളെത്തിയത് ഡിസംബര്‍-ജനുവരി മാസങ്ങളില്‍ മാത്രമാണ്. പിന്നാലെ ഈ വര്‍ഷത്തെ മഴയും ചതിച്ചു. ആദ്യം അകന്നുനിന്ന മഴ ബോട്ടിങ് അടക്കമുള്ളവയെ ബാധിച്ചു. പിന്നാലെ ആഗസ്റ്റ് ആദ്യവാരത്തോടെ മഴയെത്തി. തുടര്‍ച്ചയായെത്തിയ ജാഗ്രതാ നിര്‍ദേശങ്ങളും വിലക്കുകളും സഞ്ചാരികളെ പിന്നോട്ടടിച്ചു.
മഞ്ഞുകാലം ആരംഭിക്കാനിരിക്കെയാണ് വീണ്ടും പ്രശ്നങ്ങളുണ്ടാകുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ദേവികുളം-ഗ്യാപ്പ് റോഡ് ഇന്നലെ പൂര്‍ണമായും അടച്ചു. ഇന്ന് ഇവിടെ കോഴിക്കോട് എന്‍ഐടിയില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തും. ഒന്നര വര്‍ഷത്തിനിടെ ഇവിടെ 30-ല്‍ അധികം വലുതും ചെറുതുമായ മലയിടിച്ചിലുകളാണുണ്ടായത്. പ്രളയത്തില്‍ തകര്‍ന്ന പെരിയവാര പാലത്തിന് സമാന്തര പാലം നിര്‍മിച്ചെങ്കിലും ഇത് നാലാം തവണയാണ് പാലം തകര്‍ന്നത് മൂലം അറ്റകുറ്റപ്പണിക്കായി പാത അടയ്ക്കുന്നത്. ഭാരവാഹനങ്ങള്‍ കടത്തി വിടാത്തത് പച്ചക്കറി-പലചരക്ക് നീക്കത്തെയും ബാധിക്കുന്നുണ്ട്.
പാലം ഒരാഴ്ചയ്ക്കുള്ളില്‍ തുറക്കുമെന്നാണ് വിവരം. മാട്ടുപ്പെട്ടി, കുണ്ടള, ഇരവികുളം ദേശീയോദ്യാനം, പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്, വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ എന്നിവയാണ് മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. നിലവില്‍ തമിഴ്നാട്ടില്‍ നിന്ന് മൂന്നാറിലെത്തണമെങ്കില്‍ പാലക്കാട് നിന്ന് തൃശൂര്‍-അങ്കമാലി വഴി കോതമംഗലം എത്തി അടിമാലി വഴിയാണ് പ്രധാന ആശ്രയം. കമ്പത്ത് നിന്ന് കമ്പംമെട്ട് വഴി നെടുങ്കണ്ടം-ചെമ്മണ്ണാര്‍-രാജാക്കാട്-കമ്പിളിക്കണ്ടം-ആനച്ചാല്‍ വഴിയും ബോഡിനായ്ക്കന്നൂരില്‍ നിന്ന് പൂപ്പാറ എത്തി രാജാക്കാട്-ആനച്ചാല്‍ വഴിയും മൂന്നാറിലെത്താം. ഇരു വഴികളും ഏറെ ദുര്‍ഘടം പിടിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: