രഘുപാര്ത്ഥന് തഞ്ചാവൂരില്‍ എംഎക്ക് ചേര്‍ന്നത് സതീശന് പറഞ്ഞാണ് രാമശേഷന് അറിഞ്ഞത്. പ്രമാണങ്ങളെ തന്നിഷ്ടത്തിന് വളച്ചൊടിക്കാന്‍ കഴിവുള്ളവന് ബിരുദാനന്തര ബിരുദമെന്തിന് എന്ന് മനസ്സിന്റെ സ്വകാര്യത്തില്‍ ഒരു ഞരടിപ്പൊട്ടല്‍. ഭാവിയില്‍ സ്വന്തമായി വെബ്സൈറ്റൊക്കെ ഉണ്ടാക്കുമ്പോള്‍ എംഎ എന്നു വെക്കുന്നത് ഒരു ബലവും ആധികാരികതയുമാണെന്ന് സതീശനോട് പറഞ്ഞുവത്രേ.
രാമശേഷന് ചെറുതല്ലാത്തൊരു വിഷമം തോന്നി. വെറ്റിലയും പാക്കും ഒരു ദക്ഷിണയും തന്ന് തന്റെ അനുഗ്രഹം വാങ്ങിയിട്ടു വേണമായിരുന്നു ഈ ഉന്നതപഠനം എന്ന് വെറുതെ മനസ്സില്‍ ഒരു കൂര്‍പ്പ്, വെറുതെ. ഇപ്പോള്‍ ഗുരുനാഥ സങ്കല്പം തന്നെ കുറഞ്ഞു കുറഞ്ഞു വരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ എന്തു സംശയവും തീര്‍ത്തുതരുന്ന ഗൂഗിള്‍ തന്നെയാണ് ഇപ്പോള്‍ പലര്‍ക്കും ഗുരുനാഥന്.
നന്നായി പഠിച്ച് മിടുക്കനായി വരൂ, അകലെയിരുന്ന് രാമശേഷന് ആശീര്‍വദിച്ചു. പക്ഷേ, ശാസ്ത്രത്തില്‍ മായം ചേര്‍ക്കരുത് രഘു.
”സാര്‍, ഞങ്ങളും എംഎക്ക് ചേര്‍ന്നാലോ?”, കൊടുവായൂരിലെ പാര്ത്ഥന് ഉന്മേഷത്തോടെ എഴുന്നേറ്റു.
”നല്ലതാണ്… അറിവിന്റെ മറ്റൊരു തലം അവിടെപ്പോയാല്‍ കിട്ടും… അനുഭവങ്ങളുടെ ചക്രവാളം വികസിക്കും… മാത്രമല്ല വ്യത്യസ്ത സംസ്കാരമുള്ള രണ്ടു ദേശങ്ങള്‍ ജ്യോതിഷത്തെ എങ്ങനെ കാണുന്നു, വ്യത്യാസങ്ങള്‍, സമാനതകള്‍ എല്ലാം മനസ്സിലാക്കാം… നല്ലതാണ്…”
തഞ്ചാവൂരില്‍ പോയതുകൊണ്ട് തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം അടിമൈസെന്തില് ദിനകരന് സാറുടെ ക്ലാസ്സുകളാണ്. അകാലത്ത് അദ്ദേഹം കാലയവനികയില്‍ മറഞ്ഞു. പുതിയ അദ്ധ്യാപകര്‍ എങ്ങനെ എന്നറിയില്ല.
”സിലബസ് എളുപ്പമാണോ സാര്‍?”
”ഞാനില്ലേ നിങ്ങളെ സഹായിക്കാന്‍”, രാമശേഷന് ധൈര്യം പകര്‍ന്നു. ”ബുദ്ധിമുട്ടു തോന്നുന്ന പേപ്പറുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം…”
എന്നാല്‍ ഒരു കൈ നോക്കിയാലോ എന്ന മട്ടില്‍ കുട്ടികള്‍ പരസ്പരം മുഖം നോക്കി.
”ബിരുദമാണ് പ്രാഥമിക യോഗ്യത…ആരെല്ലാമാണ് ഇവിടെ ഗ്രാജ്വേറ്റ്സ്…”
ചിലര്‍ ആവേശത്തോടെ കൈ പൊന്തിച്ചു. ചിലര്‍ സങ്കോചിച്ചു.
”ആരെയും വേദനിപ്പിക്കാന്‍ ചോദിച്ചതല്ല… അടിസ്ഥാന യോഗ്യതയെപ്പറ്റി പറയാതിരിക്കാന്‍ കഴിയില്ലല്ലോ…”
പിന്നെ രാമശേഷന് തുടര്‍ന്നു.
”ഗ്രാജ്വേഷന് ഉള്ളവര്‍ക്ക് ശ്രമിക്കാം…ഇക്കാലത്ത് യുജിസി പദവിയുള്ള ഒരു യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദം നല്ലതാണ്… യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ പോയി സാധിക്കുന്നവരെല്ലാം അപ്ലൈ ചെയ്യൂ…വേഗമാവട്ടെ…”
ഇവിടെനിന്നും എത്തിപ്പെടാന്‍ പ്രയാസമുണ്ട്. നേരിട്ട് ബസ്സുകളോ തീവണ്ടിയോ ഇല്ല. ബസ്സാണെങ്കില്‍ കോയമ്പത്തൂര്‍ പോയി മാറിക്കയറണം. തീവണ്ടിയാണെങ്കില്‍ ഈറോഡില്‍നിന്നും കണക്ഷന് വണ്ടി പിടിക്കണം.
ഇത്തിരി കഷ്ടപ്പെടാതെ ഒരു പോസ്റ്റ് ഗ്രാജ്വേഷന് ബിരുദം കിട്ടുമോ?
താന്‍ കൂടെയുണ്ട് എന്ന ധൈര്യത്തിലാണ് ശാരിക എം.എക്ക് ചേര്‍ന്നത്. ഒന്നിച്ചുള്ള വരവും പോക്കും. അവസാനമത് എത്താന്‍ പാടില്ലാത്ത ദിക്കില്‍ എത്തി.
ശാരിക എംഎ എടുത്തു എന്നല്ലാതെ അത് പ്രയോജനപ്പെടുത്തിയില്ല. ദിനകരന് സാറുടെ അകാലവിയോഗം സംഭവിച്ചില്ലായിരുന്നെങ്കില്‍ താന്‍ ഡോക്ടറേറ്റും എടുക്കുമായിരുന്നു.
‘യാത്രകളും വഴിയമ്പലങ്ങളും നമുക്കുവേണ്ടി കാലേ നിശ്ചയിക്കപ്പെടുന്നു’ എന്നെഴുതിയ മഹാനായ എഴുത്തുകാരനെ നിമിഷനേരം രാമശേഷന് ഓര്‍ത്തു. ‘അനാദിയായ ഭൃഗുസംഹിത…”
”ഇന്ന് അക്കാദമിക് തലത്തില്‍ ജ്യോതിഷം പാഠ്യവിഷയമാവുന്നു എന്നത് വലിയ കാര്യമാണ്…യുജിസി അംഗീകാരമുള്ള നാലു യൂണിവേഴ്സിറ്റികളില്‍ ജ്യോതിഷം ഇപ്പോള്‍ പാഠ്യവിഷയമാണ്… വലിയ കാര്യമല്ലേ?”
കുട്ടികള്‍ ഉത്തേജിതരായതുപോലെ തോന്നി. മുഖത്ത് ഒരു പുതിയ പ്രസരിപ്പ്.
”സത്യസന്ധമായി സമീപിച്ചാല്‍ ഇതൊരു മാന്യമായ തൊഴിലാണ്…ഒരുപാടു പേര്‍ക്ക് ആശ്വാസം നല്കാവുന്ന തൊഴില്‍…”
ദിനകരന്സാര് എപ്പോഴും ഈ ആശ്വാസത്തിലാണ് ഊന്നിയിരുന്നത്. ജ്യോതിഷി പ്രമാണങ്ങളെ വിട്ട് കൗണ്‍സിലറായി മാറുന്ന രസതന്ത്രം. പ്രശ്നങ്ങളുമായി വരുന്നവരെ കൂടുതല്‍ പ്രശ്നങ്ങളില്‍ ചാടിക്കാന്‍ എളുപ്പമാണ്. സമാധാനത്തോടെ പറഞ്ഞയയ്ക്കലോ?
”ഓകെ…ആരെല്ലാം തീരുമാനിച്ചു?”
രാമശേഷന് വീണ്ടും ഒന്നു ചൂടുപിടിപ്പിച്ചു.
”സാര്‍ താമസസൗകര്യം?”
”പെണ്‍കുട്ടികള്‍ക്ക് യൂണിവേഴ്സിറ്റിക്കടുത്തുതന്നെ വിമന്‍സ് ഹോസ്റ്റലുണ്ട്…ആണുങ്ങള്‍ക്ക് തഞ്ചാവൂരില്‍ ഇഷ്ടംപോലെ ലോഡ്ജുകളുണ്ട്…റെയില്‍വേ സ്റ്റേഷനില്‍ ഡോര്‍മെട്രി സംവിധാനമുണ്ട്…”
ഉത്തേജനം കിട്ടിയപോലെ എല്ലാവരും ഒന്നു വിടര്‍ന്നു വികസിച്ചു.
”മാസത്തില്‍ രണ്ടു ക്ലാസ്സല്ലേ…മറ്റൊരു സ്റ്റേറ്റില്‍ പോയി പഠിക്കല്‍ ഡിഫ്രന്റ് എക്സ്പീരിയന്‍സല്ലേ?”
”ഫുഡ്ഡൊക്കെ…”, ശാപ്പാട്ടുരാമനായ കുമാര്‍ ഭക്ഷണത്തിലാണ് കയറിപ്പിടിച്ചത്.
”യൂണിവേഴ്സിറ്റി കാന്റീന് ഗംഭീരമാണ്… പാരമ്പര്യ ഭക്ഷണവും ഉത്തരേന്ത്യന്‍ വിഭവങ്ങളും കിട്ടും…അല്ലെങ്കിലും തമിഴ്നാട്ടില്‍ ഫുഡ്ഡിനാണോ പ്രോബ്ലം?”
എല്ലാം ഒത്തുവന്നിരിക്കുന്നു എന്ന് ക്ലാസ്സിന് തോന്നി. ബിരുദമുള്ളവരെല്ലാം തഞ്ചാവൂര്‍ക്ക് വണ്ടി കയറാന്‍ സന്നദ്ധരായി.
അന്ന് ക്ലാസ്സു പിരിയുമ്പോഴും രാമശേഷന്റെ മനസ്സില്‍ ആ സത്യം അലോസരം പോലെ അവശേഷിച്ചു. എംഎക്ക് അപേക്ഷിക്കുന്നതിനു മുന്‍പ് വെറ്റിലയും പാക്കും ദക്ഷിണയും തന്ന് രഘുപാര്ത്ഥന് തന്റെ അനുഗ്രഹം വാങ്ങേണ്ടതായിരുന്നില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: