തിരുവനന്തപുരം: മൂന്നരവര്‍ഷത്തിനുള്ളില്‍ പോലീസില്‍ വനിതകളടക്കം ആത്മഹത്യചെയ്തത് 48 പേരെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കി. ജീവനൊടുക്കിയതില്‍ അധികവും 50 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍. ആത്മഹത്യചെയ്തവരില്‍ നാല് വനിതകളും. ഇരുപത്തിമൂന്നു പേര് ജീവിതം അവസാനിപ്പിച്ചത് കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പന്ത്രണ്ടു പേര് കുടുംബ പ്രശ്നം കൊണ്ടും രണ്ട്പേര് സാമ്പത്തിക പ്രശ്നത്തെ തുടര്‍ന്നും ശേഷിക്കുന്നവര്‍ വിവിധ കാരണങ്ങളാലും ആത്മഹത്യചെയ്തു.
50 നും 55 നും ഇടയില്‍ പ്രായമുള്ള 18 പേരാണ് ആത്മഹത്യ ചെയ്തത്. 46നും 50നും ഇടയിലുള്ള ഏഴും 36 നും 40 നും ഇടയിലുള്ള അഞ്ചും പേരും ജീവിതം അവസാനിപ്പിച്ചു. ശേഷിക്കുന്ന 18 പേര് 35 വയസ്സില്‍ താഴെയുള്ളവരാണ്. മുപ്പതു പേര് ലോക്കല്‍ സ്റ്റേഷനുകളില്‍ ജോലി നോക്കിയവരാണ്. നിരന്തരം ജനങ്ങളുമായി സമ്പര്‍ക്കത്തിലിരിക്കുന്ന ലോക്കല്‍ പോലീസിന്റെ ജോലി ഭാരം കൂടുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞദിവസം തലസ്ഥാനത്ത് ലോക്കല്‍ പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍കൂടി ആത്മഹത്യചെയ്തിരുന്നു.
അമിത ജോലിഭാരം, മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം, വിശ്രമമില്ലായ്മ, കുടുംബവുമായി ചെലവഴിക്കാന്‍ അവസരം ലഭിക്കാതിരിക്കുക തുടങ്ങിയവ എല്ലാം പോലീസിനെ ബാധിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ പോലീസുകാരുടെ ക്രൂരമായ പെരുമാറ്റം ചവുട്ടിക്കൊലപാതകത്തില് വരെ എത്തി.
ഈഘട്ടത്തില്‍ പോലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ യോഗയും പരിശീലന ക്ലാസും കായിക പരിശീലനവും നടപ്പിലാക്കണമെന്ന് ഡിജിപി സര്‍ക്കുലറുകള്‍ ഇറക്കിയെങ്കിലും ഫലവത്തായില്ല. മാത്രമല്ല മേലുദ്യോഗസ്ഥര്‍ മാസത്തില്‍ ഒരു മണിക്കൂറെങ്കിലും കീഴുദ്യോഗസ്ഥരുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരം കാണണമെന്ന് നിര്‍ദേശിച്ചെങ്കിലും അതും ഒരിടത്തും നടപ്പിലായിട്ടില്ല.
ജോലിയുടെ ആംരഭഘട്ടത്തിലുള്ള 18 പേരും വിരമിക്കാന്‍ വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ മാത്രം ശേഷിക്കുന്ന 50-55 വയസ്സിലുള്ളവരാണെന്ന കണക്ക് ആഭ്യന്തര വകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്റ്റേഷനുകളില്‍ മതിയായ പോലീസ് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ അമിത ജോലിഭാരം എടുക്കേണ്ടി വരുന്നുണ്ട്. ജോലിഭാരത്താല്‍ പോലീസുകാര്‍ നരകയാതന അനുഭവിക്കുന്നത് ജന്മഭൂമി നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: