ന്യൂദല്‍ഹി: രാജ്യം കാത്തിരുന്ന അയോധ്യ തര്‍ക്ക ഭൂമി അവകാശത്തര്‍ക്ക കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത് ഏറെ പ്രസക്തമായ വിധി. കേസില്‍ കക്ഷിയായ ആര്‍ക്കും ഭൂമിയുടെ അവകാശം വിട്ടുകൊടുക്കാതെ വിശ്വാസവും ആരാധാനയും കണക്കിലെടുത്ത് രാമന്റെ ജന്മഭൂമിയായ അയോധ്യയില്‍ ക്ഷേത്രം നിലനിന്നിരുന്നിടത്തു തന്നെ ക്ഷേത്രം പുനര്‍നിര്‍മിക്കാനാണ് കോടതി ഉത്തരവിട്ടത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ട്രസ്റ്റ് ആയിരിക്കണം ക്ഷേത്രം നിര്‍മിക്കണം. ഒപ്പം, അയോധ്യയില്‍ തന്നെ പ്രധാനപ്പെട്ട സ്ഥലത്ത് കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ മുസ്ലിം വിഭാഗത്തിന് പള്ളി നിര്‍മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
അയോധ്യ കേസില്‍ വിധി പ്രസ്താവത്തിലെ പ്രസക്ത നിരീക്ഷണങ്ങള്‍- ബാബറി പള്ളിക്ക് മുന്‍പ് തന്നെ ക്ഷേത്രം നിലനിന്നതിന് തെളിവുണ്ട്. ആര്‍ക്കിയോളിക്കല്‍ റിപ്പോര്‍ട്ട് അത് അംഗീകരിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്ഷേത്ര നിര്‍മാണം തെളിഞ്ഞിട്ടുണ്ട്. ഹിന്ദുക്കള്‍ അയോധ്യയെ രാമന്റെ ജന്മഭൂമിയായി കരുതുന്നു. അവിടെ പള്ളിയുണ്ടെന്നും നമാസും നടന്നിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. പക്ഷേ ചരിത്രരേഖകളാണ് കോടതി വിധിക്ക് ആധാരം. വിശ്വാസവും ആരാധനയും അംഗീകരിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്. അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്നതില്‍ തര്‍ക്കമില്ല. ഭൂമിയുടെ അവകാശം സംബന്ധിച്ച സുന്നി വഖഫ് ബോര്‍ഡിന്റേയും നിര്‍മോഹി അഖാഡയുടേയും അവകാശം നിലനില്‍ക്കില്ല. എന്നാല്‍, ക്ഷേത്രം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണം. മുസ്ലിം വിഭാഗത്തിന് പകരം അഞ്ചേക്കര്‍ ഭൂമി നല്‍കണം. തര്‍ക്ക സ്ഥലമായ 2.77 ഏക്കര്‍ ഉള്‍പ്പെടെ 67 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം.
















