ന്യൂദല്‍ഹി : അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ ഉന്നതതല സുരക്ഷ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. രാജ്യത്തെ മുഖ്യ സുരക്ഷാ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍. ആഭ്യന്തര വകുപ്പിലെ വിവിധ ഏജന്‍സികളുടെ പ്രതിനിധികള്‍, ഉന്നത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. വിധി പ്രസ്താവനയ്‌ക്കു ശേഷം രാജ്യത്ത് സമാധാനം ഉറപ്പുവരുത്താന്‍ സാധ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.
ദല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. യുപിയിലും പ്രത്യേകിച്ച് അയോധ്യയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അയോധ്യയില്‍ അയ്യായിരത്തോളം സുരക്ഷ ഭടന്മാരെ വിന്യസിച്ചിട്ടുണ്ട്.
അയോധ്യ പരിസരത്തിലും സംസ്ഥാനത്തേയും സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ ഉന്നത പോലീസ് വൃത്തങ്ങളുമായി കൂടിക്കാഴ്‌ച്ച നടത്തി. സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ അടക്കം കനത്ത സുരക്ഷയിലാണ് ഇന്ന്.
















