ന്യൂദല്‍ഹി : അയോധ്യ കേസില്‍ ഇന്ന് സുപ്രീംകോടതി വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രദേശത്ത് മാത്രം 5000 സിആര്‍പിഎഫ് ഭടന്മാരെയാണ് വിന്യസിച്ചിരിക്കുന്നത്.
ഇതോടൊപ്പം ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വിധി പ്രസ്താവനയെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി. സിങ് വ്യക്തമാക്കി. നിലവില്‍ തര്‍ക്കഭൂമിക്ക് ഒന്നര കിലോമീറ്റര്‍ മുന്‍പ് മുതല്‍ ആര്‍ക്കും പ്രവേശനമില്ല.
വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 10 വരെയാണ് നിരോധനാജ്ഞ. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം ദല്‍ഹിയിലും മധ്യപ്രദേശിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ദല്‍ഹിയിലെ വസതിക്ക് മുന്നില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
അതേസമയം ജനങ്ങള്‍ ശാന്തരായി ഇരിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ആഹ്വാനം ചെയ്തു. സുപ്രീംകോടതിയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സുപ്രീം കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്.
അയോധ്യ വിധി വരുന്ന പശ്ചാതലത്തില്‍ കേരളത്തിലും അതീവ ജാഗ്രത നിര്‍ദ്ദേശം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിധി എന്താണെങ്കിലും എല്ലാവരും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെ കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ്, ചന്ദേര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ.
















