മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന കാവല്‍ മന്ത്രിസഭയുടെ കാലാവധി ഇന്നു രാത്രി അവസാനിക്കാനിരിക്കെയാണു രാജി. ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി ഫഡ്‌നാവിസിന്റെ രാജി സ്വീകരിച്ചു. കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഫഡ്‌നാവിസിനോടും തുടര്‍ന്നും നിര്‍ദേശിച്ചിട്ടുണ്ട്. തന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തിന് തെരഞ്ഞെടുപ്പിലൂടെ പിന്തുണ അറിയിച്ച ജനങ്ങള്‍ക്ക് ഫഡ്‌നാവിസ് നന്ദി അറിയിച്ചു. രണ്ടരവര്‍ഷക്കാലം ശിവസേനയ്‌ക്ക് മുഖ്യമന്ത്രി പദം നല്‍കുന്ന കാര്യം ഉദിക്കുന്നതേയില്ല. മറ്റെന്തു തരം ചര്‍ച്ചയ്‌ക്കും ബിജെപി തയാറാണ്. എന്നാല്‍, തന്നോട് സംസാരിക്കാന്‍ സമയമില്ലാത്ത ശിവസേന നേതാക്കള്‍ക്ക് ഇപ്പോള്‍ എന്‍സിപി ആയും കോണ്‍ഗ്രസുമായും ചര്‍ച്ചയ്‌ക്കു സമയമുണ്ട്. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. താന്‍ ഫോണില്‍ വിളിച്ചാല്‍ പോലും പ്രതികരിക്കാന്‍ ശിവസേന നേതാവ് ഉദ്ദവ് താക്കറെ തയാറായിട്ടില്ലെന്നും ഫഡ്‌നാവിസ്. ഫഡ്‌നാവിസിനൊപ്പം മന്ത്രിമാരും രാജ്ഭവനില്‍ എത്തിയിരുന്നു.
ശിവസേന അധികാര രാഷ്‌ട്രീയം കളിക്കുന്നതിനാല്‍ മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ശിവസനേയും എന്‍സിപിയും കോണ്‍ഗ്രസും എംഎഎല്‍മാരെ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും മാറ്റിയിട്ടുണ്ട്. എന്‍സിപി-ശിവസനേ ചര്‍ച്ചകള്‍ ഇതുവരെ ഫലം കണ്ടിട്ടുമില്ല. ഇനിയും അനിശ്ചിതത്വം തുടര്‍ന്നാല്‍ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
















