അബുദാബി: രാജ്യത്ത് വാട്‌സ്ആപ്പ് കോളുകള്‍ക്കുള്ള നിരോധനം നീക്കാനൊരുങ്ങി യുഎഇ. വാട്‌സ്ആപ്പുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ ഇളവു നല്‍കുന്നതെന്ന് നാഷനല്‍ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു. എന്നാല്‍, ഈ വാര്‍ത്തയോട് യുഎഇ ടെലികോം അതോറിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്‌കൈപ്, ഫെയ്‌സ് ടൈം, വാട്സ്ആപ്പ് തുടങ്ങിയ ആപ്പുകളിലൂടെ വോയിസ് കോളുകള്‍ നടത്താനുള്ള അനുമതി വേണമെന്ന് വ്യവസായ സമൂഹവും ആവശ്യപ്പെട്ടിരുന്നു. അതേസമയം രാജ്യത്ത് ലൈസന്‍സുള്ള ടെലികമ്യൂണിക്കേഷന്‍ കമ്പനികളുടെ അനുമതി കൂടി ഇതിനു വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് ഈ കമ്പനികളുടെ വിയോജിപ്പിനാലാണ് സ്‌കൈപ് കോളുകള്‍ നിര്‍ത്തി വച്ചത്.
എല്ലാ രാജ്യങ്ങളിലും ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള കോളുകള്‍ക്ക് സൗകര്യം നിലവിലുണ്ടെന്നും വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാട്‌സാപ് കോളുകള്‍ക്കുള്ള നിരോധനം നീക്കാന്‍ ആലോചിക്കുന്നതെന്നാണ് ട്രായി നല്‍ക്കുന്ന വിവരമെന്നും അല്‍ കുവൈത്തി വിശദീകരിച്ചു.
നിലവില്‍ തദ്ദേശീയ ടെലികോം കമ്പനികള്‍ പ്രതിമാസം 100 ദിര്‍ഹത്തിനാണ് വോയിസ് കോള്‍ സേവനം നല്‍ക്കുന്നത്. അതേ സമയം വാട്സ്ആപ്പ് പോലുള്ള ഇന്റര്‍നെറ്റ് കോളിങ്ങ് ആപ്പുകള്‍ ഉപയോഗിച്ച് തുച്ചമായ ചെലവില്‍ മറ്റുളള രാജ്യങ്ങളുമായി ബന്ധപെടാന്‍ സാധിക്കും. ഇത് ഏറ്റവുമധികം പ്രയോജനപെടുക മലയാളികള്‍ ഉള്‍പെടെയുള്ള പ്രവാസി സമൂഹത്തിനാണ്.
















