കശ്മീര്‍: പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ അക്രമണത്തില്‍ ജവാന് വീര മൃത്യു. ജമ്മു കശ്മീരിലെ മെന്‍ഡാന്‍ സബ് ഡിവിഷനിലാണ് ഇന്ന് പുലര്‍ച്ചെ വെടിവെപ്പ് ഉണ്ടായത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഇല്ലാതെയാണ് സൈനിക പോസ്റ്റുകളിലെക്ക് പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്. കൂടതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ബുധനാഴ്‌ച്ച കത്വ ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കും കന്നുകാലികള്‍ക്കും പരിക്കെല്‍ക്കുകയും നിരവധി കെട്ടിടങ്ങളും തകര്‍ന്നു. ഇത്തരത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 20 ന് കുപ് വാര ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ഒക്ടോബര്‍ 10 വരെയുള്ള കാണക്കുകള്‍ പ്രകാരം 2317 വെടി നിര്‍ത്തല്‍ ലംഘനങ്ങളാണ് പാകിസ്ഥാന്‍ നടത്തിയത്. ആക്രമണങ്ങളില്‍ ഇരുപതിലേറെ ഭാരതീയര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതെ തുടര്‍ന്ന് അതിര്‍ത്തിയിലും ഉള്‍പ്രദേശങ്ങളിലുമായി സുരക്ഷ സേന നടത്തിയ വിവിധ ഓപ്പറേഷനുകളില്‍ 147 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനോട് 2003 വെടി നിര്‍ത്തല്‍ കരാറിനെ മാനിക്കാണമെന്ന് ഭാരതം നിരവധി തവണ വ്യക്തമാക്കിയിട്ടും നിയന്ത്രണ രേഖയില്‍ ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്.
















