ന്യൂദല്‍ഹി : രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന അയോധ്യ, ശബരിമല ഹര്‍ജികളിലെ സുപ്രധാന കേസുകളിലെ വിധി പ്രസ്താവന അടുത്തയാഴ്‌ച്ചയാകും. ഈ ആഴ്‌ച്ചയിലെ സുപ്രീംകോടതിയിലെ പ്രവര്‍ത്തിദിനമായ ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഇവ ഉള്‍പ്പെട്ടിട്ടില്ല. അതിനാലാണ് അടുത്ത ആഴ്‌ച്ച ഈ കേസുകളില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിക്കും.
തിങ്കളും ചൊവ്വയും സുപ്രീംകോടതി അവധിയാണ്. അതിനാല്‍ ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാകും വിധി പ്രസ്താവന നടത്തുക ഏറെ ചര്‍ച്ചാ വിഷയമായ നാലു കേസുകളിലാണ് ഈ ദിവസങ്ങളില്‍ വിധി പ്രസ്താവന പുറത്തുവരാനുള്ളത്. അയോധ്യ കേസ്, ശബരിമല പുനഃപരിശോധനാ ഹര്‍ജി, റഫാല്‍ കേസ്, ചീഫ് ജസ്റ്റിസിന്റെ ഒാഫീസ് ആര്‍ടിഐയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ സുപ്രധാന കേസുകളാണ് ഈ ദിവസങ്ങളില്‍ പരിഗണിക്കാനുള്ളത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഈ കേസുകളിലെല്ലാം വാദം കേട്ടിരിക്കുന്നത്. അദ്ദേഹം ഈ മാസം 17ന് വിരമിക്കുന്ന സാഹചര്യത്തില്‍ അവസാന പ്രവര്‍ത്തി ദിനമായ വെള്ളിയാഴ്‌ച്ചയ്‌ക്കുമുമ്പ് ഈ കേസുകളില്‍ വിധി പ്രസ്താവന നടത്തും. ഇല്ലെങ്കില്‍ അതിനുശേഷം ഡിവിഷന്‍ ബെഞ്ച് പുനഃസംഘടിപ്പിച്ച് വിചാരണ ആദ്യം മുതല്‍ തുടങ്ങേണ്ടതുണ്ട്.
അയോധ്യയിലെ തര്‍ക്കഭൂമി രാം ലല്ല, നിര്‍മോഹി അഖാഢ, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്‌ക്ക് തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി വാദംകേട്ടതില്‍ പ്രധാനപ്പെട്ടത്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ 55- ഓളം പുനഃപരിശോധനാ ഹര്‍ജികളിലും വാദംകേട്ടത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗബെഞ്ചാണ്. ശബരിമല, റഫാല്‍ കേസുകളിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റിവെച്ചിട്ട് മാസങ്ങളായി.
റഫാല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതിവിധി ചോദ്യംചെയ്താണ് പുനഃപരിശോധനാഹര്‍ജികള്‍. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നതരത്തില്‍ പ്രസ്താവന നടത്തിയതിന് രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപി എംപി മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലും സുപ്രിം കോടതി വിധിയുണ്ടാകും.
ഇതോടൊപ്പം ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ സാധ്യമാക്കുന്ന വിധിക്കെതിരേ ഇപിഎഫ്ഒ. നല്‍കിയ പുനഃപരിശോധനാഹര്‍ജിയും പരിഗണിച്ചേക്കും. ഇതില്‍ തുറന്ന കോടതിയില്‍ വാദംകേള്‍ക്കുമെന്നാണ് മുന്‍ ഉത്തരവ്. തൊഴില്‍മന്ത്രാലയത്തിന്റെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും. നാര്‍ക്കോട്ടിക് നിയമവുമായി ബന്ധപ്പെട്ട വിഷയവും ഈ അടുത്താഴ്‌ച്ചകളില്‍ പരിഗണിച്ചേക്കും.
















