ന്യൂദല്‍ഹി: സ്വയം രക്ഷയ്‌ക്കെന്ന പേരില്‍ കൈവശം വയ്‌ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നില്‍ നിന്ന് ഒന്നായി കുറയ്‌ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ആയുധങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. ഈ വ്യവസ്ഥയുള്‍പ്പെടുത്തി ഭേദഗതി ചെയ്ത ആയുധ ചട്ടം 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
സ്വയരക്ഷയ്‌ക്കെന്ന പേരില്‍ വാങ്ങുന്ന ലൈസന്‍സുള്ള തോക്കുകള്‍ ചിലര്‍ ദുരുപയോഗിക്കുന്നുവെന്നു വിലയിരുത്തിയാണു നടപടി. കഴിഞ്ഞ നവംബര്‍ വരെ ആഭ്യന്തര മന്ത്രാലയം 35,87,016 തോക്ക് ലൈസന്‍സുകളാണു നല്‍കിയത്. ഇതില്‍ കൂടുതല്‍ പേര്‍ക്കു ലൈസന്‍സുള്ളത് ജമ്മു കശ്മീരിലാണ്. നിയമം പ്രാബല്യത്തിലായാല്‍ ഒന്നിലേറെ തോക്കുകളുള്ളവര്‍ പോലീസ് സ്‌റ്റേഷനില്‍ അത് ഹാജരാക്കണം. നിയമം പ്രാബല്യത്തിലായി ഒരു വര്‍ഷത്തിനകം ഇതു ചെയ്യണം. ഏതു തോക്ക് കൈവശം വയ്‌ക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം നിയമം നല്‍കുന്നു. ആയുധ നിയമം ലംഘിക്കുന്നവര്‍ക്കു കുറഞ്ഞ ജയില്‍ ശിക്ഷ മൂന്നില്‍ നിന്ന് 7 വര്‍ഷമായി ഉയര്‍ത്തും. പരമാവധി ശിക്ഷ 14 വര്‍ഷം വരെയാകാം. ആഘോഷങ്ങളുടെ ഭാഗമായി ആകാശത്തേക്കു വെടിവച്ചാല്‍ 2 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും.
















