ബെംഗളൂരു: റോമന്‍ കത്തോലിക്കാ സഭയിലെ മറ്റൊരു ബിഷപ് കൂടി ലൈംഗിക അപവാദത്തില്‍. മൈസൂരിലെ 37 കത്തോലിക്ക പുരോഹിതന്‍മാരാണ് ലൈംഗിക അപവാദങ്ങളെ തുടര്‍ന്ന് ബിഷപ്പ് സ്ഥാനത്ത് നിന്ന് കെ.എ. വില്ല്യമിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്ക് കത്തെഴുതിയത്. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, ഫണ്ട് തിരിമറി, ലൈംഗിക പീഡനങ്ങള്‍ എന്നിവയാണ് വില്ല്യമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും പുറത്താക്കണമെന്ന ആവശ്യത്തിനും കാരണം. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ വിചാരണ ആരംഭിക്കാനിരിക്കെയാണ് സഭയിലെ മറ്റൊരു ബിഷപിനെതിരെ കൂടി ആരോപണം ഉയരുന്നത്.
മൈസൂരിലെ ഒഡിപി സ്റ്റാഫായി ജോലി ചെയ്യുന്ന സ്ത്രീയെ വിവാഹം ചെയ്തതിനെതിരെയും വില്ല്യമിനെതിരെ വിമര്‍ശനമുണ്ട്. മൂന്‍പ് മറ്റൊരു വിവാഹം ചെയ്ത ഈ യുവതിക്ക് ആ ബന്ധത്തില്‍ ഒരു മകളുണ്ട്. ബിഷപുമായുള്ള ബന്ധത്തില്‍ ഒരു മകനും ഇവര്‍ക്കുണ്ട്. ബിഷപുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നാണ് ഇവരെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചത്. യുവതി ഇപ്പോള്‍ മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും ബിഷപ് ഇടയ്‌ക്കിടെ ഇവരെ സന്ദര്‍ശിക്കുന്നുണ്ടെന്നും കുടുംബത്തിന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നുണ്ടെന്നും വൈദികര്‍ ചൂണ്ടിക്കാട്ടുന്നു. വിഭാഗീയത, സ്വജനപക്ഷപാതം, രക്ഷാകര്‍തൃത്വം, ലൈംഗിക ബന്ധങ്ങള്‍, അഴിമതി എന്നിവയെ സംബന്ധിച്ചും ബിഷപ്പ് വില്യമിനെതിരെ കത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
വൈദികനായിരിക്കുമ്പോള്‍ തന്നെ ബിഷപ് കെ.എ വില്യമിന് നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അഴിമതികള്‍ നടത്തിയിരുന്നുവെന്നും നിരവധി സംഭവങ്ങള്‍ വൈദികര്‍ പോപ്പിന് അയച്ച കത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹിങ്കല്‍ ഇടവക വികാരിയായിരിക്കേ അവിടെയുണ്ടായിരുന്ന ഒരു ആഗ്ലോ- ഇന്ത്യന്‍ യുവതിയുമായി ബിഷപ് വില്യമിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ ഗര്‍ഭിണിയാകുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അതോടെ യുവതിയേയും കുഞ്ഞിനേയും വിദേശത്തേക്കു കടത്തിയെന്നും വൈദികര്‍ പറയുന്നു.
ബിഷപ് ഹൗസില്‍ ജോലി ചെയ്യുന്ന കാലത്തും ബിഷപ് ഹൗസിലെ കിടപ്പുമുറിയില്‍ നിന്നും ഒരു യുവതിക്കൊപ്പം വില്യമിനെ കയ്യോടെ പിടികൂടിയിരുന്നു. ബിഷപ് ഹൗസിലെ അക്കൗണ്ട് സെക്ഷനിലെ ക്ലാര്‍ക്കായ യുവതിയായിരുന്നു വില്യമിനൊപ്പമുണ്ടായിരുന്നത്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ എല്ലാം ബിഷപ് വില്യം ലൈംഗികമായി ചൂഷണം ചെയ്യുക പതിവാണ്. പകരമായി അവര്‍ക്ക് ബഹുനില വീടുകള്‍ ഉള്‍പ്പെടെ എല്ലാവിധ ആഡംബര സൗകര്യങ്ങളും ബിഷപ് വില്യം നല്‍കും. രൂപതയുടെ സ്ഥാപനങ്ങളില്‍ ജോലിയും നല്‍കും, വൈദികര്‍ കത്തില്‍ പറയുന്നു. സഭയില്‍ വിമത പ്രവര്‍ത്തനത്തിനും ബിഷപ് ഒത്താശ ചെയ്യുന്നുവെന്നും ഇവര്‍ പറയുന്നു. വിഷയത്തില്‍ പോപ്പിന്റെ അടിയന്തരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ജൂലൈ 20ന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
















