അശോക് കുമാർ
സൗഹൃദത്തിന് ഒന്നാം സ്ഥാനം നല്‍കുന്ന മോഹന്‍ലാലിന് അടുത്ത കൂട്ടുകാര്‍ ഏറെ. എന്നാല്‍ സുഹൃത്തുക്കളില്‍ ഒന്നാമന്‍ ഒരാളുണ്ട്. അശോക് കുമാര്‍. ആദ്യ കൂട്ടുകാരന്‍ മാത്രമല്ല ആജന്മ സുഹൃത്തുമാണ് ലാലിന്റെ ആദ്യ സിനിമയുടെ സംവിധായകന്‍ കൂടിയായ അശോക് കുമാര്‍.
ഇരുവരുടേയും കൂട്ടുകെട്ട് എന്നു തുടങ്ങി എന്നറിയില്ല. സൗഹൃദചരടിന്റെ നീളം തലമുറയിലേക്ക് നീളും. ലാലിന്റെ അമ്മയുടെ അച്ഛനും അശോകിന്റെ അമ്മയുടെ അച്ഛനും അടുത്ത സുഹൃത്തുക്കള്‍. ചങ്ങനാശ്ശേരി ചന്തയില്‍ ഒന്നിച്ചു കച്ചവടം നടത്തിയിരുന്നവര്‍. അശോകിന്റെയും ലാലിന്റേയും അച്ഛന്മാരുടെ പേര് ഒന്നായിരുന്നു. വിശ്വനാഥന്‍ നായര്‍. പേരില്‍ മാത്രമല്ല കൂട്ടുകെട്ടിലും ഒറ്റക്കെട്ട്. പ്രേംനസീര്‍, കാവാലം നാരായണപണിക്കര്‍ എന്നിവര്‍ക്ക് ഒപ്പം. ചങ്ങനാശ്ശേരി എസ്‌ബി കോളേജില്‍ ഒന്നിച്ചു പഠനം. ജോലി കിട്ടി ഇരുവരും തിരുവനന്തപുരത്തേക്ക്. അടുത്തടുത്ത വീടുകള്‍ വാടകയക്കെടുത്ത് താമസം. ഇരു വീടാണെങ്കിലും ഒരു വീടുപോലെ താമസം. അച്ഛന്മാരുടെ സൗഹൃദം മക്കളിലേക്കും പകര്‍ന്നു. മോഹന്‍ലാലും അശോകും എല്ലാത്തിനും ഒരുമിച്ച്.
വിജയ് സൂപ്പര്‍
മോഹന്‍ ലാല്‍ സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍തന്നെ അഭിനയത്തിലും ക്രിക്കറ്റിലും പാട്ടു പാടുന്നതിലും ഒക്കെ മുന്നിലായിരുന്നു. എം.ജി കോളേജിലെ ബികോം പഠനകാലത്താണ് ഇരുവരിലും സിനിമ ആവേശിക്കുന്നത്. അശോക് കുമാറിന് അന്ന് വിജയ സൂപ്പര്‍ സ്‌ക്കൂട്ടറുണ്ട്. പൂജപ്പുരയില്‍ നിന്ന് കോളേജിലേക്ക് സ്‌ക്കൂട്ടറിലാണ് ഇരുവരും പോകുന്നത്. കോളേജ് പിള്ളേര്‍ സ്‌ക്കൂട്ടറില്‍ പോകുന്നത് അപൂര്‍വ കാഴ്ചയായിരുന്നു. അതുകൊണ്ടു തന്നെ അതിലൊരു ഹീറോയിസം ഇരുവരും കണ്ടു. കോളേജില്‍ പോകുന്നതിനു പകരം നഗരം ചുറ്റി സ്റ്റച്ചുവിലെ ഇന്ത്യന്‍ കോഫീ ഹൗസിലേക്കാണ് മിക്കവാറും വരവ്. അവിടെ ചായകുടിച്ചും വെടിപറഞ്ഞു ഇരുന്ന ശേഷമാണ് കോളേജിലെത്തുക. ക്ലാസ്സില്‍ ഏറ്റവും പുറക് ബഞ്ചുകാരാണ് ഇരുവരും.
പ്യാരിലാൽ, അശോക് കുമാർ, മോഹൻലാൽ…കിളികൊഞ്ചൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഫോട്ടോഗ്രാഫർ കൃഷ്ണൻകുട്ടി പകർത്തിയ ചിത്രം
സൂര്യന്റെ മരണം
അശോക് കുമാറിന്റെ ചേട്ടന്‍ രാജീവ് നാഥ് സിനിമാ സംവിധായകന്‍ എന്ന നിലയില്‍ പേരെടുത്തിരുന്നു. ആദ്യ സിനിമ ‘ തണല്‍’ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്തു. രാജീവ് നാഥിന്റെ മൂന്നാമത് ചിത്രം ‘സൂര്യന്റെ മരണം’ മാന്നാറിലാണ് ചിത്രീകരിച്ചത്. ചേട്ടന്റെ പടത്തിന്റെ ഷൂട്ടിംഗ് കാണിക്കാം എന്നു പറഞ്ഞ് മോഹന്‍ലാലിനെയും കൂട്ടി അശോക് കുമാര്‍ മാന്നാറിലെത്തി. ക്ലാസ് കട്ട് ചെയ്ത് വന്നത് ചേട്ടന് ഇഷ്ടമായില്ല. നെടുമുടി വേണുവായിരുന്നു ചിത്രത്തിലെ നായകന്‍. മോഹന്‍ലാല്‍ നല്ലതുപോലെ അഭിനയിക്കുമെന്ന് പറഞ്ഞപ്പോള്‍ ആകെയൊന്നു നോക്കി നെടുമുടി ഒന്നു ചിരിച്ചു.. ഒരു തരം അവഹേളനമായിട്ടാണ് ഇരുവര്‍ക്കും തോന്നിയത്. അന്നുതന്നെ തിരിച്ചുപോന്നു. എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിക്കുക എന്ന വാശിയായി മോഹന്‍ലാലിന്. ഇന്ത്യന്‍ കോഫി ഹൗസിലെത്തിയാല്‍ ചര്‍ച്ച മുഴുവന്‍ അതായി.
പുഷ്‌പോത്സവം
കനകക്കുന്ന് കൊട്ടാരത്തില്‍ റോസ് സൊസൈറ്റിയുടെ പുഷ്പമേള. സംഘാടകരൊക്കെ സ്ത്രീകളാണ്. മേളയില്‍ എങ്ങനെ പങ്കെടുക്കാം എന്നായിരുന്നു അശോക് കുമാറിന്റേയും മോഹന്‍ ലാലിന്റേയും ചിന്ത. ആണുങ്ങള്‍ക്ക് കയറിക്കൂടണമെങ്കില്‍ സ്റ്റാള്‍ ഇടണം. എന്തു സ്റ്റാള്‍ എന്നു ചിന്തയില്‍ നിന്നാണ് ഫിലിം സൊസൈറ്റിയുടെ പേരില്‍ സിനിമാ സ്റ്റാളിലെത്തിയത്. സംവിധായകന്‍ അരവിന്ദനെ കണ്ട് സ്റ്റാളിന്റെ കാര്യം പറഞ്ഞു. പ്രദര്‍ശിപ്പിക്കാന്‍ കാഞ്ചന സീതയുടെ കുറെ സ്റ്റില്ലുകളും ഫീസായി 300 രൂപയും വേണമെന്നും ആവശ്യപ്പെട്ടു. അതൊക്കെ നിര്‍മ്മാതാവാണ് ചെയ്യേണ്ടത് എന്നായിരുന്നു അരവിന്ദന്റെ മറുപടി. നിര്‍മ്മാതാവ് അച്ചാണി രവിയുടെ വീട്ടിലേക്ക് വിജയ് സൂപ്പര്‍ സ്‌ക്കൂട്ടറില്‍ തന്നെ രണ്ടുപേരും കൂടിപോയി. സ്റ്റില്ലും ഫീസും കിട്ടി. പുഷ്‌മേളയിലെ സ്റ്റാളില്‍ സിനിമാ പോസ്റ്ററിനിടയില്‍ കസേരയും ഇട്ടിരുന്നതായിരുന്നു ആദ്യത്തെ സിനിമാ പ്രവേശനം.
തിരനോട്ടം
സ്റ്റാളിലേക്ക് ഒരു ദിവസം ഒരാള്‍ കയറി വന്നു. പാച്ചല്ലൂര്‍ ശശി എന്ന് സ്വയം പരിചയപ്പെടുത്തി. സിനിമയില്‍ അഭിനയിക്കണം. എന്നതാണ് ആഗ്രഹം. പണം മുടക്കാമെങ്കില്‍ അഭിനയിപ്പിക്കുകയും നിര്‍മ്മാതാവാക്കുകയും ചെയ്യാമെന്ന് മോഹന്‍ലാല്‍ മറുപടി പറഞ്ഞു. ശശി അത് ഗൗരവത്തിലെടുത്തു. പാച്ചല്ലൂരിലെ വലിയ കുടുംബത്തില്‍ പെട്ട് ശശിക്ക് നല്ല ആസ്തി ഉണ്ടായിരുന്നു. സംവിധായകന്‍ അശോക് കുമാര്‍. അഭിനയിക്കാന്‍ മോഹന്‍ലാലും ശശിയും. ജി.സുരേഷ് കുമാര്‍ അന്ന് ക്യാമറയും ഒക്കെ തൂക്കി സ്റ്റില്‍ ഫോട്ടോഗ്രാഫിയോട് താല്‍പര്യം കയറി നടക്കുകയാണ്. കോഫി ഹൗസ് സൗഹൃദത്തിന്റെ പേരില്‍ ഒപ്പം കൂട്ടി. പ്രിയദര്‍ശന്‍ സ്‌ക്കൂളില്‍ ഒന്നിച്ചു പഠിച്ചിരുന്നു. പ്രിയനെ അസിസ്റ്റന്റ് ഡയറക്ടറാക്കി. നായകനാക്കാന്‍ നെടുമുടി വേണുവിനെ സമീപിച്ചു. പിള്ളേരുടെ കളിക്ക് കൂട്ടുനില്‍ക്കാന്‍ വേണു തയ്യാറായില്ല. തുടര്‍ന്ന് രവികുമാറിനെ നായകനായി കിട്ടി. റാണിചന്ദ്ര നായികയും.
തിരനോട്ടം സിനിമയുടെ ചിത്രീകരണത്തിനിടെ
ചിത്രം എടുക്കാന്‍ ആര് എന്നു ചിന്തിച്ചപ്പോള്‍ കെഎസ്എഫ്ഡിസിയില്‍ ചെന്നാല്‍ ക്യാമറമാനെ കിട്ടുമെന്നറിഞ്ഞു. അവിടെ ചെന്നപ്പോള്‍ ഷാജി എന്‍ കരുണിന്റെ കൂടെയൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ള എസ്.കുമാറിനെ ഏര്‍പ്പാടാക്കികിട്ടി. പാട്ടിന്റെ കാര്യത്തിനായി അയല്‍ പക്കത്ത് താമസിക്കുന്ന പരിചയത്തിന്റെ പേരില്‍ എം.ജി രാധാകൃഷ്ണനെ കണ്ടു. പാട്ടു വേണമെങ്കില്‍ ഒഎന്‍വി കുറുപ്പിനെ സമീപിക്കാനും പാട്ടു കിട്ടിയാല്‍ കമ്പോസു ചെയ്തു തരാമെന്നും എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു. ഒഎന്‍വിയെ കണ്ടപ്പോള്‍ പാട്ടെഴുതി തരാമെന്നും 1500 രൂപ വേണമെന്നുമായിരുന്നു മറുപടി. അന്നത് വലിയ തുകയായതതിനാല്‍ ഒഴിവാക്കാന്‍ പറഞ്ഞതാണെങ്കിലും അശോക് കുമാറും മോഹന്‍ലാലും അത് സമ്മതിച്ചു. എഴുതി കിട്ടിയ പാട്ടുമായി തരംഗിണി സ്റ്റുഡിയോയില്‍ പോയി യേശുദാസിനെ കണ്ടു. അദ്ദേഹം പാടാമെന്നേറ്റു. സിനിമയക്ക് പൂജ വേണമെന്ന് ആരോ പറഞ്ഞപ്പോള്‍ ആറ്റുകാല്‍ അമ്പലത്തില്‍ വെച്ചു നടത്താമെന്ന് തീരുമാനിച്ചു. സിനിമയുടെ പൂജ എന്താണെന്ന് കൃത്യമായി അറിയാന്‍ വയ്യാത്തതായിരുന്നു കാരണം. പൂജ കഴിഞ്ഞപ്പോള്‍ എവിടെ വെച്ച് ഷൂട്ടിംഗ് എന്നതായി പ്രശ്‌നം. വലിയ പ്രശനം ഉണ്ടാകാത്ത സ്ഥലം എന്ന നിലയില്‍ മുടവന്‍മുകളിലെ മോഹന്‍ലാലിന്റെ വീട് തെരഞ്ഞെടുത്തു. 1978 സെപ്റ്റംബര്‍ നാലിൻന് ക്യാമറയും സംഘവും വീട്ടിലെത്തിയപ്പോഴാണ് ലാലിന്റെ അച്ഛനും അമ്മയും വിവരം അറിഞ്ഞത്. കോളേജില്‍ പോകാതെ സിനിമയുമായി നടക്കുന്നതിന്റെ നീരസം പറഞ്ഞെങ്കിലും എതിര്‍ത്തില്ല. മോഹന്‍ലാലിനെ വെച്ച് ആദ്യ രംഗം ചിത്രികരിച്ചത് സൈക്കിള്‍ ഓടിക്കുന്ന രംഗംമായിരുന്നു. ഒറ്റ ടേക്കില്‍ തന്നെ ഒകെ ആയി. ചിത്രത്തിനു പക്ഷേ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയില്ല. ആദ്യം ചെന്നൈയിലേയും പിന്നീട് മുംബയിലേയും ദല്‍ഹിയിലേയും സെന്‍സര്‍ ബോര്‍ഡുകള്‍ അനുമതി നിഷേധിച്ചു. അവസാനം പ്രത്യേക സമിതി കൂടി അനുമതി നല്‍കി. അപ്പോഴേയ്‌ക്കും ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്ന് മലയാള സിനിമ കളറിലേക്ക് മാറിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ കെഎസ്എഫ്ഡിസിയില്‍ നിന്ന സബ്‌സിഡി കിട്ടുകയുള്ളു. അതുകൊണ്ട് കൊല്ലത്തെ കൃഷ്ണാ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. 45000 രൂപ സബ്‌സിഡി കിട്ടി. നിര്‍മ്മാതാവ് പാച്ചല്ലൂര്‍ ശശി ഹൃദയരോഗത്തെ തുടര്‍ന്ന് മുംബയില്‍ ചികിത്സയിലായിരുന്നു. സബ്‌സിഡി കിട്ടിയ തുക അദ്ദേഹത്തിന്റെ ചികിത്സയാക്കായി കൊണ്ടുകൊടുത്തു.
തേനും വയമ്പും
തേനും വയമ്പും എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അശോക് കുമാര്‍ വീണ്ടും സിനിമയിലേക്ക് വരുന്നത്. പ്രേംനസീര്‍, നെടുമുടി വേണു, സുമലത, റാണി പത്മിനി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. മോഹന്‍ലാലിനും നല്ലൊരു റോള്‍ കൊടുത്തു. പ്രിയദര്‍ശന്‍ അസോസിയേറ്റ് ഡയറക്ടറുമായി. ഈ ചിത്രത്തിലെ ‘തേനും വയമ്പും നാവില്‍ തൂകും വാനമ്പാടി’, ‘ഒറ്റക്കമ്പി നാദം മാത്രം’ എന്നീ ഗാനങ്ങള്‍ വരികളുടെ വശ്യതയും ഈണത്തിന്റെ മനോഹാരിതയും ഒത്തുചേര്‍ന്ന് മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളായി. കിളിക്കൊഞ്ചല്‍, എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളും മമ്മുട്ടിയെ നായകകനാക്കി കൂലി എന്ന ചിത്രവും അശോക് കുമാര്‍ സംവിധാനം ചെയ്തു. ജി സുരേഷ് കുമാര്‍ നിര്‍മ്മിച്ച് കൂലിയിലാണ് എം.ജി ശ്രീകുമാര്‍ ആദ്യം പാടുന്നത്. സുരേഷ് കുമാറിനെ ചിത്രത്തിലഭിനയിപ്പിക്കുകയും ചെയ്തു. ആയിരപറ എന്ന മമ്മൂട്ടി ചിത്രവും മോഹന്‍ലാല്‍ നായകനായ അറബീം ഒട്ടകോം പി. മാധവന്‍ നായരും നിര്‍മിച്ചതും അശോക് കുമാറാണ്.
ആപത് ബാന്ധവന്‍
മോഹന്‍ലാല്‍ ആത്മ സുഹൃത്തുമാത്രമല്ല. ആപത് ബാന്ധവന്‍ കൂടിയാണെന്ന് അശോക് കുമാര്‍ പറയും. ജീവിതത്തിലെ വിഷമ ഘട്ടത്തിലെല്ലാം അശോകിനെ ആദ്യം വിളിക്കുന്നത് മോഹന്‍ ലാല്‍ ആയിരിക്കും. സിനിമയില്‍ നിന്ന് മാറി ഓട്ടോ മൊബൈല്‍ ബിസിനസ്സിലേക്ക് തിരിഞ്ഞ അശോകിന് ചില തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ കരുത്തായത് ‘ഞാന്‍ നിന്നോടൊപ്പം ഉണ്ട്’ എന്ന ലാലിന്റെ വാക്കുകളാണ്. തനിക്കുവേണ്ടി ഡോക്ടറോടും വക്കീലിനോടും ഒക്കെ ശുപാര്‍ശ ചെയ്യാന്‍ മടികാണിക്കാത്ത ലാലിനെപോലെ സുഹൃത്ത് ഭാഗ്യമായി കരുതുന്ന അശോക് കുമാര്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറാകുകയാണ്. പാച്ചല്ലൂരിലെ അശോകിന്റെ വീട്ടില്‍ ലാലും പ്രിയനും സുരേഷും ഉള്‍പ്പെടെയുള്ള കൂട്ടുകാര്‍ ഇടയ്‌ക്കിടെ കൂടും. ഈ വീടിനുമുണ്ട് കഥ. സുരേഷ് കുമാറിന്റെ വകയായിരുന്ന സ്ഥലം. വില്‍ക്കുന്ന കാര്യം പറഞ്ഞപ്പോള്‍ അശോക് വാങ്ങുകയായിരുന്നു. തൊട്ടടുത്തുതന്നെ മോഹന്‍ലാലിന് ഫ്ലാറ്റുണ്ട്. സുരേഷിന്റെ മകളും അഭിനയത്തിനുള്ള ദേശീയ അവാര്‍ഡ് ജേതാവുമായ കീര്‍ത്തി സുരേഷിന്റെ ആദ്യ ഷോട്ട് ചിത്രീകരിച്ചത് ഈ വീട്ടില്‍ വെച്ചാണ്. ബീനയാണ് അശോക് കുമാറിന്റെ ഭാര്യ. മക്കള്‍ ഉണ്ണികൃഷ്ണന്‍ അയര്‍ലെന്റിലും നാരായണ്‍ അമേരിക്കയിലുമാണ്. മകള്‍ ഗായത്രി വെല്ലൂരില്‍ എംഎസ് സി ബയോടെക്‌നോളജിക്ക് പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: