ന്യൂദല്‍ഹി : സിഖ് വിരുദ്ധ കലാപക്കേസില്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന്റെ തൂക്കം കുറഞ്ഞു എന്നുള്ളത് ഒരു രോഗമല്ലന്ന് സുപ്രീംകോടതി. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സജ്ജന്‍ കുമാറിന്റെ തൂക്കം ജയില്‍വാസത്തെ തുടര്‍ന്ന് കുറഞ്ഞെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇങ്ങനെ പ്രതികരിച്ചത്.
സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സജ്ജന്‍കുമാര്‍ കഴിഞ്ഞ 11 മാസത്തോളമായി ദല്‍ഹി തീഹാര്‍ ജയിലിലാണ് കഴിയുന്നത്. ജയില്‍ വാസത്തെ തുടര്‍ന്ന് എട്ട് മുതല്‍ 10 കിലോവരെ ഈ കാലയളവില്‍ ഭാരം കുറവുണ്ടായിട്ടുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജയിലില്‍ കഴിഞ്ഞതുകൊണ്ട് ശരീര ഭാരം കുറഞ്ഞത് ഒരു രോഗാവസ്ഥയല്ല. വേണമെങ്കില്‍ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘത്തെക്കൊണ്ട് പരിശോധിക്കാമെന്നും നിയുക്ത ചിഫ്ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.
അതേസമയം സജ്ജന്‍ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വര്‍ഷത്തെ വേനല്‍ അവധിയിലേക്ക് മാറ്റി. സിഖ് വിരുദ്ധ കലാപക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 73 കാരനായ സജ്ജന്‍ കുമാറിനെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജയിലിലടയ്‌ക്കുന്നത്. 1984ലെ കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദല്‍ഹി ഹൈക്കോടതിയാണ് ജീവപര്യന്തം ശിക്ഷയ്‌ക്കു വിധിച്ചത്.
ഈ വിധിയെ ചോദ്യം ചെയ്ത് സജ്ജന്‍കുമാര്‍ സുപ്രീകോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നാണ് സജ്ജന്‍ കുമാര്‍ കീഴടങ്ങുന്നത്.
















