കൊല്‍ക്കത്ത: ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആശയങ്ങള്‍ ഗ്രാമാന്തരങ്ങളില്‍ നടപ്പാക്കുന്ന സാമൂഹ്യസംഘടനകളുടെ ഒരുമിച്ച്കൂടലായി രാജ്യാന്തര ശാസ്ത്രമേളയിലെ ‘വിഭാ വാണി’ സമ്മേളനം. മുന്നൂറില്‍ അധികം സാമൂഹ്യസംഘടനകളുടെ പ്രതിനിധികളാണ് സമ്മേളനത്തില്‍ തങ്ങളുടെ സാനിധ്യം അറിയിച്ചത്. ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര പ്രചരണ സംഘടനയായ വിജ്ഞാന്‍ ഭാരതിയാണ് രാജ്യാന്തര ശാസ്ത്രമേള മേളയില്‍ സാമൂഹ്യസംഘടനകളുടെ കൂട്ടായ്‌മ സംഘടിപ്പിച്ചത്. തുടര്‍ച്ചയായി നാലാം തവണയാണ് രാജ്യാന്തര ശാസ്ത്രമേളയില്‍ ഇത്തരമൊരു വേദി വിജ്ഞാന്‍ ഭാരതി ഒരുക്കുന്നത്.
ഇന്ത്യന്‍ ഗ്രാമങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാനും തങ്ങളുടെ അറിവുകള്‍ പകര്‍ന്നു നല്‍കുവാനുമാണ് പ്രതിനിധികള്‍ എത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യസംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിച്ചു. വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സജീവ പങ്കാളിത്തം മേളയ്‌ക്ക് മാറ്റുകൂട്ടി. കേന്ദ്ര സര്‍ക്കാരും ശാസ്ത്രആഭിമുഖ്യമുള്ള സാമൂഹ്യ സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും കൈകോര്‍ക്കുന്ന സംയുക്തവേദിയായിരുന്നു എന്‍.എസ്.ഒ.ഐ.എം.
ഭാരതത്തിന്റെ പുതുതലമുറ ശാസ്ത്രജ്ഞന്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ശാസ്ത്രമേള കേന്ദ്ര സര്‍ക്കാരും വിജ്ഞാന്‍ ഭാരതിയും ചേര്‍ന്ന് ഒരുക്കുന്നത്. ശാസ്ത്രമേള ബംഗ്ലാ കണ്‍വന്‍ഷന്‍ സെന്ററിലും സയന്‍സ് സിറ്റിയിലുമായാണ് നടക്കുന്നത്. വിദേശത്തുനിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 12,000 ശാസ്ത്രപ്രതിഭകളാണ് മേളയില്‍ സജീവ പങ്കാളിയാകുന്നത്. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മേളയില്‍ പ്രത്യേകം മത്സരങ്ങളുണ്ട്. വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച് പരീക്ഷണങ്ങളിലുള്ള ലോക റിക്കോര്‍ഡ് മറികടക്കാനുള്ള ശ്രമവും മേളയില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
മേളയില്‍ കേരളത്തില്‍ നിന്നും ശാസ്ത്രജ്ഞരും ഗവേഷകരും ശാസ്ത്രവിദ്യാര്‍ത്ഥികളുമടക്കമുള്ളവരുടെ സജീവ പങ്കാളിത്തമുണ്ട്. ഗവേഷണം, നവീനത്വം, ശാസ്ത്രം എന്നിവ ശാക്തീകരിക്കുന്ന രാഷ്‌ട്രം എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ പ്രമേയം.
















