ന്യൂദല്‍ഹി : അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ കേന്ദ്ര മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കളും സംയമനം പാലിക്കണമെന്ന് ബിജെപി. വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ വിളിച്ചു ചേര്‍ത്ത ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ നിര്‍ദ്ദേശം പുറത്തുവിട്ടിരിക്കുന്നത്. വിധിക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നിലപാട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ കൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കും. അതിന് മുന്‍പ് ആരും പ്രതികരിക്കരുതെന്നാണ് നിര്‍ദ്ദേശം.
വിധി പ്രസ്താവന പുറത്തുവരാനിരിക്കേ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ വിവിധ മുസ്ലിം സംഘടനകളുമായും ദല്‍ഹിയില്‍ ചര്‍ച്ച നടത്തി. വിഷയത്തില്‍ ഇരുവിഭാഗവും സംയമനം പാലിക്കുമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പങ്കെടുത്ത യോഗത്തില്‍ ധാരണയായി. ബെംഗളുരു, കൊല്‍ക്കത്ത, മുംബൈ എന്നിങ്ങിനെ മേഖലകള്‍ തിരിച്ചു യോഗം ചേരുകയും നിര്‍ദേശങ്ങള്‍ നേതാക്കള്‍ക്ക് കൈമാറുകയും ചെയ്തു. പ്രകോപനപരമായ പ്രസ്താവനകള്‍ വിലക്കി.
സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും നേതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിധി എന്തായാലും അഭിപ്രായപ്രകടനങ്ങള്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട് യുപിയില്‍ സുരക്ഷ ശക്തമാക്കുന്നതിനായി അര്‍ധ സൈനിക വിഭാഗത്തെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 40 കമ്പനി കേന്ദ്രസേനയെ ഉടന്‍ യുപിയില്‍ വിന്യസിക്കാനാണ് തീരുമാനം. ഈ മാസം 18വരെ കേന്ദ്ര സേന യുപിയില്‍ തുടരും.
10 കമ്പനി ദ്രുത കര്‍മസേന ഇതിനോടകം യുപിയില്‍ എത്തിക്കഴിഞ്ഞു. അയോധ്യയും അസംഗഡും ഉള്‍പ്പെടെ 12 പ്രശ്‌നബാധിത മേഖലകളിലാകും കേന്ദ്ര സേനയെ പ്രധാനമായും വിന്യസിക്കുക. വിധിയും തുടര്‍ന്നുള്ള സാഹചര്യങ്ങളും രാജ്യത്തിനകത്തും വിദേശത്തും ഏറെ ഉറ്റുനോക്കുന്നതിനാല്‍ കരുതലോടെയാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്.
















