ചെന്നൈ: തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയില്‍ പോളിടെക്‌നിക്ക് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുകേഷ് വെടിയേറ്റ് മരിച്ചു. വീഡിയോ ഗെയിം കളിക്കുന്നതിനിടെ സുഹൃത്തുക്കളുമായി ഉണ്ടായ തര്‍ക്കത്തിനിടെയാണ് തലയ്‌ക്ക് വെടിയേറ്റ് മുകേഷ് മരിച്ചത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാവിലെ മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു സുഹൃത്തുക്കളായ വിജയ്, ഉദയ എന്നിവര്‍ മുകേഷിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് മൂവരും ചേര്‍ന്ന് വീഡിയോ ഗെയിം കളിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും സുഹൃത്തുക്കളിലൊരാളായ വിജയ് വെടിയുതിര്‍ത്തതും. വെടിയൊച്ച കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോള്‍, നെറ്റിയില്‍നിന്ന് രക്തം വാര്‍ന്നൊഴുകിയ നിലയിലായിരുന്നു മുകേഷ്. ഉടന്‍ തന്നെ മുകേഷിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചു.
കുട്ടിയെ പാരീസിലെ രാജീവ് ഗാന്ധി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് അവിടത്തെ ഡോക്ടര്‍മാര്‍ ഉപദേശിച്ചു. എന്നാല്‍ യാത്രാ മധ്യേ കുട്ടി മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിജയ് ഒളിച്ചോടി. ഉദയ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. മുകേഷിന്റെ വീട്ടിലേക്ക് തോക്ക് കൊണ്ടുപോയതിനാല്‍ ഇത് മുന്‍കൂട്ടി തീരുമാനിച്ച കൊലപാതകമാണെന്നും അഭ്യൂഹങ്ങളുണ്ട്.
















