അമരാവതി: മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരിലുള്ള വിദ്യാഭ്യാസ അവാര്‍ഡ് പിതാവ് വൈഎസ്ആര്‍ റെഡ്ഡിയുടെ പേരിലേയ്‌ക്ക് മാറ്റാനുള്ള നീക്കം വിവാദമായതോടെ അതില്‍നിന്ന് പിന്തിരിഞ്ഞ് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി.
പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാരമാണ് ഡോ. എ.പി.ജെ അബ്ദുള്‍ കലാം പ്രതിഭ വിദ്യാ പുരസ്‌കാര്‍. മൊമന്റം, സര്‍ട്ടിഫിക്കറ്റ്, ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ സ്‌കോളര്‍ഷിപ്പ് എന്നിവ ഉള്‍പ്പെടുന്നതാണ് പുരസ്‌കരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവാര്‍ഡിന്റെ പേരില്‍ നിന്ന് കലാമിന്റെ പേര് മാറ്റി പിതാവ് വൈഎസ്ആറിന്റെ പേര് പ്രതിഷ്ഠിച്ച് ജഗന്‍മോഹന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മൗലാനാ അബ്ദുള്‍ കലാം ആസിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന നവംബര്‍ 11- ന് ഈ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇതോടെ രാഷ്‌ട്രീയ ചിന്തകള്‍ നോക്കാതെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
രാജ്യത്തിനായി നിരവധി സംഭാവനകള്‍ നല്‍കിയ ഡോ. കലാമിന്റെ പേരിലുള്ള പുരസ്‌കാരം പിതാവിന്റെ പേരിലാക്കിയത് കലാമിനോടുള്ള അനാദരവാണെന്ന് മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
‘തന്റെ അച്ഛനാണ് ഭാരത ലഭിച്ച അബ്ദുള്‍ കലാമിനെക്കാള്‍ മികച്ച ശാസ്ത്രജ്ഞനെന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡി വിചാരിക്കുന്നത്. പുരസ്‌കാരങ്ങള്‍ക്കും പദ്ധതികള്‍ക്കും സ്റ്റേഡിയത്തിനും റോഡുകള്‍ക്കുമെല്ലാം നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ആളുകളുടെ പേര് നല്‍കുന്ന പാര്‍ട്ടിയില്‍ നിന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡി വരുന്നത്. അതുകൊണ്ട് പെരുമാറ്റത്തില്‍ അത്ഭുതമില്ല’- ബിജെപിയുടെ ദേശീയ ഐടി സെല്‍ തലവന്‍ അമിത് മാല്‍വിയ ട്വിറ്ററില്‍ കുറിച്ചു.
















