ഇസ്ലാമാബാദ്: രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായതോടെ പാക് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്‌ച്ച നടത്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചു. ജമിയത് ഉലെമ ഇ ഇസ്ലാം(ജെയുഐ-എഫ്) പ്രസിഡന്റ് ഫസ്ലൂര്‍ റഹ്മാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ റാലിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
പ്രതിഷേധം ശക്തമായതോടെ ഇവരുമായി ധാരണയില്‍ എത്തുന്നതിനുള്ള ആദ്യപടിയായാണ് സര്‍ക്കാരിലെ മറ്റ് അംഗങ്ങളുമായി ഇമ്രാന്‍ഖാന്‍ കൂടിക്കാഴ്‌ച്ച നടത്തുന്നത്. അതിനുശേഷം പ്രതിരോധമന്ത്രി പര്‍വേസ് ഖട്ടക്കിന്റെ നേതൃത്വത്തിലുള്ള സംഘം ആസാദി മാര്‍ച്ച് നേതാക്കളുമായി ചര്‍ച്ച നടത്തും.
പാക്കിസ്ഥാന്‍ സിന്ധ് പ്രവിശ്യയില്‍ നിന്നും കഴിഞ്ഞ മാസം 27ന് ആരംഭിച്ച ആസാദി മാര്‍ച്ചില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ പങ്കെടുത്തു. 31 ആയപ്പോള്‍ പ്രതിഷേധക്കാര്‍ ലാഹോര്‍ കഴിഞ്ഞിരുന്നു. അതിനിടെ ഇമ്രാന്‍ ഖാന്‍ ഞായറാഴ്‌ച്ചയ്‌ക്കു മുമ്പായി രാജിവെയ്‌ക്കണമെന്ന് അന്ത്യശാസനവും നല്‍കിയിരുന്നു. അതിനുശേഷം 48 മണിക്കൂര്‍ കൂടി നീട്ടി നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെച്ചൊഴിയാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതി,ധേവുമായി മുന്നോട്ട് പോലുമെന്ന് ജെയുഐഎഫ് മേധാവി അറിയിച്ചു. പ്രതിപക്ഷവും ഈ ആവശ്യത്തെ പിന്തുണയ്‌ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പിഎംഎല്‍- എന്‍ നേതാവ് അഹ്‌സന്‍ ഇഖ്ബാല്‍ അറിയിച്ചു. അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.
ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദം രാജിവെച്ച് ഒഴിയണമെന്നും, അതിനുശേഷം സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ആസാദി മാര്‍ച്ച് നടത്തിയത്. ഇപ്പോഴത്തെ പ്രതിഷേധം പ്ലാന്‍ എയാണ്. ഇതു കഴിഞ്ഞാല്‍ പ്ലാന്‍ ബിയും പ്ലാന്‍ സിയുമുണ്ട്. തലസ്ഥാനം മാത്രമാണ് മാര്‍ച്ചില്‍ സ്തംഭിച്ചത്. രാജിവെച്ച് ഒഴിയാന്‍ ഇനിയും തീരുമാനമെടുത്തില്ലെങ്കില്‍ അടുത്തത് രാജ്യം മുഴുവനായും സ്തംഭിക്കും. ഇതിന്റെ ഭാഗമായി മറ്റു പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഫസ്ലൂര്‍ റഹ്മാന്‍ അറിയിച്ചു.
പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്- നവാസ്, പാക്കിസ്ഥാന്‍ പീപിള്‍സ് പാര്‍ട്ടി, പഖ്തൂണ്‍ഖ്വ മില്ലി അവാമി പാര്‍ട്ടി, ഖൗമി വതന്‍ പാര്‍ട്ടി, നാഷ്ണല്‍ പാര്‍ട്ടി, അവാമി നാഷ്ണല്‍ പാര്‍ട്ടി എന്നിവയും ഫസ്ലു റഹ്മാനെ പിന്തുണയ്‌ക്കുന്നുണ്ട്.
















