ശ്രീനഗര്‍: തുടര്‍ച്ചായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ഭാരതം. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്നു രാവിലെ ഏഴുമണിയോടെ പാക്കിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്തിനെ തുടര്‍ന്നാണ് സൈന്യം പ്രതിരോധം തീര്‍ത്തത്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് വെടിവെപ്പ് നടന്നിരുന്നു. ഒരു മണിക്കൂറിലേറെ സംഘര്‍ഷാവസ്ഥാ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷ സേന തിരിച്ചടിച്ചതോടെ പാക്കിസ്ഥാന്‍ പിന്‍മാറുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വെടിവെപ്പില്‍ ആളപായമോ നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞദിവസം കശ്മീരിലെ രാജ്യാന്തര അതിര്‍ത്തി ഗ്രാമമായ കത്വയില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ബോബാക്രമണം ഉണ്ടായി. ഇതേതുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തിപെടുത്താന്‍ സൈന്യം തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച പൂഞ്ചിലെ കിര്‍നി, ക്വസ്ബാ സെക്ടറുകളില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പ് രണ്ടു മണിക്കൂറുകളോളം നീണ്ടുനിന്നതായി അധികൃതര്‍ വ്യക്തമാക്കി.
അതേ സമയം അയോധ്യ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘം ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഇന്റലിജന്‍സ് ഏജന്‍സി പുറത്തു വിട്ടു. ഭീകര സംഘം നേപ്പാള്‍ വഴി ഉത്തര്‍പ്രദേശിലെത്തിയതായി രഹസ്യാന്വേഷണ വ്യക്തമാക്കി.
















