ന്യൂദല്‍ഹി:തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനു പിന്നാലെ തങ്ങളെ മര്‍ദിച്ച അഭിഭാഷകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പോലീസുകാരുടെ സമരം. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ കോടതിയില്‍ എത്തിക്കുമ്പോള്‍ വീണ്ടും പോലീസുകാരെ അഭിഭാഷകര്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് നീതി ആവശ്യപ്പെട്ട് നൂറു കണക്കിന് പോലീസുകാര്‍ പണിമുടക്കി പോലീസ് ആസ്ഥാനത്തിനു മുന്നില്‍ തടിച്ചു കൂടി നില്‍ക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനത്ത് ക്രമസമാധാന പാലനം താറുമാറായി. ട്രാഫിക് നിയന്ത്രിക്കാന്‍ പോലും കൂട്ടാക്കതെയാണു പോലീസുകാരുടെ സമരം. പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേ അഭിഭാഷകര്‍ സംഘം ചേര്‍ന്നെത്തി അതിക്രൂരമായ മര്‍ദനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചില ്ഭിഭാഷകര്‍ക്കു ഗുരുതരമായി സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. റിട്ടയേര്‍ഡ് ജഡ്ജി എസ്.പി ഗാര്‍ഗ് അന്വേഷിക്കുക. സംഭവത്തില്‍ കോടതി സ്വമേധയാ ആണ് കേസെടുത്തത്.
ദല്‍ഹി കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം, വെടിവെപ്പ് വിഷയത്തില്‍അഭിഭാഷക സംഘടനകളുടെ ആവശ്യം പൂര്‍ണമായും അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി വിധി. സി.ബി.ഐയുടെയും, ഐ.ബിയുടെയും ഇന്റലിജന്‍സിന്റേയും ഡയറക്റ്റര്‍മാരോ അവര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരോ അന്വേഷണത്തില്‍ സഹായിക്കണമെന്ന് കോടതി പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥന് 50000 രൂപ നഷ്ടപരിഹാരം നല്‍കാനും മറ്റ് പരിക്കേറ്റ അഭിഭാഷകര്‍ക്ക് 10000 രൂപ നല്‍കാനും കോടതി ദല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദല്‍ഹി തീസ് ഹസാരി കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം 20 പൊലീസുകാര്‍ക്കും എട്ടു അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു.12 ബൈക്കുകള്‍, ഒരു ജിപ്‌സി ജീപ്പ്, ഏട്ടു ജയില്‍ വാനുകള്‍ എന്നിവ സംഘര്‍ഷത്തില്‍ തകര്‍ന്നു. പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കോടതി വളപ്പിനെ സംഘര്‍ഷത്തിലാക്കിയത്.
അഭിഭാഷകന്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് പൊലീസ് തടഞ്ഞതോടെ വാക്കുതര്‍ക്കമുണ്ടായി. അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ അഭിഭാഷകര്‍ സംഘടിതമായി പ്രതിരോധിച്ചു. ഇതേതുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്.ഇതോടെ കൂടുതല്‍ പൊലീസുകാര്‍ സംഭവസ്ഥലത്തെത്തി. സംഘര്‍ഷം ദല്‍ഹി ഹൈക്കോടതി പരിസരത്തേക്ക് നീങ്ങിയതോടെ പൊലീസ് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം കോടതി പരിസരങ്ങളില്‍ എവിടെ പോലീസുകാരെ കണ്ടാലും അഭിഭാഷകര്‍ മര്‍ദിക്കുന്ന അവസ്ഥയുണ്ടായി. ഇതേത്തുടര്‍ന്നാണ് പോലീസ് സേന ഒന്നടങ്കം പണിമുടക്കി പ്രതിഷേധിക്കുന്നത്. സമരസ്ഥലത്തേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. വിഷയത്തില്‍ നീതി നടപ്പാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയെങ്കിലും മര്‍ദനത്തിനു നേതൃത്വം നല്‍കിയ അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പോലീസുകാര്‍.
















