ഷാര്‍ജ: മുപ്പത്തെട്ടാമത് അന്താരാഷ്‌ട്ര പുസ്തകമേളയിലെ ജന്മഭൂമി സ്റ്റാള്‍ വ്യവസായിയും ലുലു ഗ്രൂപ്പ് സ്ഥാപകനുമായ എം.എ യൂസഫലി സന്ദര്‍ശിച്ചു. ഷാര്‍ജ പുസ്തകോത്സവത്തിന്റെ ആറാം ദിനമായ ഇന്നലെ വൈകിട്ട് ഏഴിനാണ് അദേഹം ജന്മഭൂമിയുടെ സ്റ്റാളിലെത്തിയത്. യൂസഫലിയുടെ ജീവിതം ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകന്‍ രാജു മാത്യു രചിച്ച ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചതിനു ശേഷമാണ് പുസ്തക മേളയിലെ ഏഴാം നമ്പര്‍ ഹാളിലെ ജന്മഭൂമി സ്റ്റാള്‍ സന്ദര്‍ശിച്ചത്.
പത്തു മിനിറ്റിലേറെ സമയം സ്റ്റാളില്‍ ചിലവഴിച്ച അദ്ദേഹം സ്വാമി ചിദാനന്ദപുരി രചിച്ച ശ്രീമത് ഭഗവത്ഗീത ഭാഷ്യം വാങ്ങിയാണ് മടങ്ങിയത്. സ്റ്റാള്‍ മാനേജര്‍ കെ പി വിനോദ് ജന്മഭൂമിയുടെ ഉപഹാരം അദ്ദേഹത്തിന് സമ്മാനിച്ചു. ലുലു ഗ്രൂപ്പ് മീഡിയ വിഭാഗം തലവന്‍ നന്ദകുമാര്‍, ജനം ടി വി മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടര്‍ ശ്രീരാജ് കൈമള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കഴിഞ്ഞ ദിവസമാണ് പുസ്തകമേള ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശന നഗരിയിലെ ഏഴാം നമ്പര്‍ ഹാളിലെ 19-ാം നമ്പര്‍ സ്റ്റാളാണ് ജന്മഭൂമിയുടേത്. ജന്മഭൂമി സ്റ്റാള്‍ സി.വി. ആനന്ദബോസ് ഐഎഎസാണ് ഉദ്ഘാടനം ചെയ്തത്. എണ്‍പത്തൊന്ന് രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പ്രസാധകരാണ് ഇക്കുറി പങ്കെടുക്കുന്നത്. മേളയില്‍ നിന്ന് വാങ്ങുന്ന പുസ്തകങ്ങള്‍ക്കെല്ലാം ഇരുപത്തഞ്ച് ശതമാനം വിലക്കിഴിവുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ പുസ്തകമേള ഒന്‍പതിന് സമാപിക്കും.
















