ചെന്നൈ: സമുദ്രത്തിന്റെ ആഴങ്ങളില്‍ സഞ്ചരിച്ച് ഗവേഷണം നടത്താനുപകരിക്കുന്ന പേടകം നിര്‍മിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ഡീപ് ഓഷന്‍ മിഷന്റെ ഭാഗമായി നിര്‍മിക്കുന്ന പ്രത്യേക യാത്രാ പേടകത്തിന്റെ രൂപകല്‍പന ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. സമുദ്രത്തിന്റെ അടിയില്‍ ആറ് കിലോമീറ്റര്‍ വരെ ആഴത്തില്‍ പോകാന്‍ സാധിക്കുന്ന കാപ്‌സ്യൂള്‍ രൂപത്തിലുള്ള പേടകത്തിനാണ് ഇസ്‌റോ പ്രാഥമിക രൂപം നല്‍കിയത്.
ഇസ്‌റോ സമര്‍പ്പിച്ച രൂപരേഖയ്‌ക്ക് ആന്താരാഷ്‌ട്ര ഏജന്‍സിയുടെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നതെന്നും ഇത് ലഭിച്ചാലുടന്‍ പേടകത്തിന്റെ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി മാധവന്‍ നായര്‍ രാജീവന്‍ വ്യക്തമാക്കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയുടെ രജതജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുപേര്‍ക്ക് സഞ്ചരിക്കാനാവുന്ന ഈ പേടകത്തിനു ആറായിരം മീറ്റര്‍ ആഴത്തില്‍ എത്തിച്ചേരാനാകും. ഇതിലൂടെ കാലാവസ്ഥാ വ്യതിയാനം, സമുദ്രജൈവവൈവിധ്യ പഠനം, കടലിനടിയിലെ ധാതുക്കളെക്കുറിച്ചുള്ള പഠനമുള്‍പ്പെടെ നിരവധി ഗവേഷണങ്ങള്‍ സാധ്യമാക്കുകയാണ് ഈ പദ്ധതിയൂടെ ലക്ഷ്യമെന്ന് മാധവന്‍ നായര്‍ രാജീവന്‍ വ്യക്തമാക്കി.
പതിനായിരം കോടി രൂപയാണ് ഈ പദ്ധതിയുടെ ആകെ ചെലവ്. സാധാരണ അന്തര്‍വാഹിനികള്‍ക്ക് 200 മീറ്റര്‍ ആഴത്തില്‍ മാത്രമാണ് സഞ്ചരിക്കാനാകുക. ആളുകള്‍ക്കു കയറാനാവുന്ന, ആറായിരം മീറ്റര്‍ ആഴത്തില്‍ സഞ്ചരിക്കുന്ന അന്തര്‍വാഹിനികള്‍ കുറവാണ്. ടൈറ്റാനിയം ഉപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ അത്യാധുനികവും സങ്കീര്‍ണവുമായ സാങ്കേതികവിദ്യ ഇതിനായി വേണ്ടിവരുമെന്ന് മാധവന്‍ നായര്‍ രാജീവന്‍ വ്യക്തമാക്കി. പദ്ധതിക്കായി ഐഎസ്ആര്‍ഒയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയും തമ്മിലുള്ള ധാരണാപത്രം ഒപ്പിട്ടു.
















