അസം: അസമിലെ ബൊലതാര്‍ ഗ്രാമത്തിനെ ഭീതിയിലാഴ്‌ത്തുന്നത് ഒരു ‘ ഭീകരനാണ്;. കുറേ ആഴ്ചകളായി ഗ്രാമവാസികളുടെ ഉറക്കം കെടുത്തുകയാണ് ഒരു കൊമ്പനാന. ഗ്രാമത്തിലെ എഴുപതു പേരെയാണ് ആറു വര്‍ഷത്തിനിടെ ആന ചവിട്ടിക്കൊന്നത്. ഇതോടെ ആനയ്‌ക്കു നാട്ടുകാര്‍ ഒരു പേരിട്ടു. ലോകത്തെ ഭീതിയിലാഴ്‌ത്തിയ കൊല്ലപ്പെട്ട ആഗോള ഭീകരന്‍ ഒസാമ ബിന്‍ ലാദന്‍. ഭീകര സംഘടന അല്‍ ക്വയ്ദ തലവന്റെ പേരിലുള്ള കൊമ്പനാന ആളുകളെ കൊല്ലുക മാത്രമല്ല വ്യാപകമായി കൃഷിനാശവും വരുത്തിത്തീര്‍ക്കുകയാണ്. കുറെ നാളുകളായി ലാദന്‍ ആളുകളെ കൊല്ലുകയും ഞങ്ങളുടെ നെല്‍ വയലുകള്‍ നശിപ്പിക്കുകയും ചെയ്യുന്നവെന്ന് ഗ്രാമാവാസിയായ രാജെന്‍ റബ്‌ന വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഏതായാലും ആനയ്‌ക്കു ലാദന്റെ പേര് വീണതോടെ അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയാവുകയാണ്.
ആനയെ എന്തുചെയ്യണമെന്ന് വന്യജീവി വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സമിതി തീരുമാനിക്കുമെന്ന് അസം വനം വകുപ്പു മന്ത്രി ശുക്ല ബൈദ്യ പറയുന്നു. സുരക്ഷിതമായ അകലത്തില്‍ നിന്ന് ലാദനെ നിരീക്ഷിക്കാന്‍ ഡ്രോണുകളും വളര്‍ത്താനകളെയും ഉപയോഗിക്കുന്നുണ്ട്. മൃഗത്തെ ശാന്തമാക്കി മനുഷ്യവാസമില്ലാത്ത കാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ ആനയുടെ ക്ഷേമവും നാട്ടുകാരുടെ സുരക്ഷയും കണക്കിലെടുക്കുമെന്ന് ശുക്ല ബൈദ്യ കൂട്ടിച്ചേര്‍ത്തു. കാന്തക റിസര്‍വില്‍ വ്യാഴാഴ്ച ലാദനെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
















