ശ്രീനഗര്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ കശ്മീരില്‍ സൈന്യം നടത്തിയ ‘മാ’ (അമ്മ) പദ്ധതി പൂര്‍ണ വിജയം. ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് പോയ യുവാക്കളെ തിരിച്ചെത്തിക്കാനാണ് കരസേനയുടെ ചിനാര്‍ വിഭാഗം അമ്മ പദ്ധതി അവതരിപ്പിച്ചതെന്ന് സൈനിക വിഭാഗം കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കന്‍വല്‍ ജീത് സിങ് ധില്ലന്‍ പറഞ്ഞു. 50 യുവക്കളാണ് വിവിധ ഭീകര സംഘടനകളില്‍ നിന്ന് കുടുംബത്തിലെക്ക് മടങ്ങിയെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കാണാതായ യുവാക്കളെ കണ്ടെത്താനാണ് സേന ഈ പദ്ധതി ആരംഭിക്കുന്നത്. ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളില്‍ ഏഴു ശതമാനം പേര്‍ ആദ്യ പത്ത് ദിവസത്തിനുളളില്‍ തന്നെ കൊല്ലപ്പെടും. 9 ശതമാനം പേര്‍ ഒരു മാസത്തിനകവും, 17 ശതമാനം പേര്‍ മൂന്നുമാസത്തിലും കൊല്ലപ്പെടും. ഇത്തരത്തില്‍ 36 ശതമാനം പേര്‍ ആറു മാസത്തിലും ഒരു വര്‍ഷം കൊണ്ട് 64 ശതമാനം പേരും കൊല്ലപ്പെടും. ഇക്കാര്യം മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. എന്നിട്ട്, മക്കളോടു മടങ്ങിയെത്താന്‍ ആവശ്യപ്പെടാന്‍ അമ്മമാരോട് പറയുകയായിരുന്നെന്നും ഇതിന്റെ ഫലം വളരെ മികച്ചതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനത്തിന്റെ മാര്‍ഗത്തില്‍ യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്ന പിന്തിരിപ്പിക്കുക എന്ന ഉദേശമാണ് ഈ പദ്ധതിക്കുള്ളത്. നിരവധി രീതികളിലൂടെയാണ് ഈ പദ്ധതി തങ്ങള്‍ നടപ്പിലാക്കുന്നത്തെന്നും ഇതിലൂടെ വലിയ വ്യത്യസം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ധില്ലന്‍ വ്യക്തമാക്കി. എത്ര പേര്‍ മരിച്ചുവെന്നത് നമ്മള്‍ ശ്രദ്ധിക്കാറില്ല എന്നാല്‍, എത്ര പേര്‍ പുതിയതായി ചേര്‍ന്നു എന്നാതാണ് തങ്ങള്‍ ശ്രദ്ധിക്കുന്നത്തെന്നും അദേഹം പറഞ്ഞു.
കാണാതായ യുവാക്കളുടെ മാതാപിതാക്കളുടെ സന്ദേശവും ധില്ലന്‍ പുറത്ത് വിട്ടിരുന്നു. ഇവര്‍ കാശ്മീരിന്റെ അമൂല്യ സമ്മാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തിരികെയെത്തിയ ആരുടേയും മേല്‍വിലാസം വെളിപ്പെടുത്തിയിട്ടില്ല. ഇവരില്‍ ചിലര്‍ വിദ്യാഭ്യാസം തുടരാനും ചിലര്‍ കുടുംബത്തെ സഹായിക്കാനും താത്പര്യപ്പെടുന്നു.
















