ബാങ്കോക്ക്: ശ്രീബുദ്ധനുമായി ബന്ധപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്ന വലിയ പദ്ധതി തന്റെ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കോക്കിലെ ഇന്ത്യന്‍ വംശജരുടെ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും തായ്‌ലന്‍ഡും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് മോദി അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് നന്ദി പറഞ്ഞു. തായ്‌ലന്‍ഡ്-മ്യാന്‍മര്‍-ഇന്ത്യ ബന്ധം മേഖലയുടെ സമഗ്രവികസനത്തിന് മുതല്‍ക്കൂട്ടാകും. പ്രതിവര്‍ഷം ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയിരം വിദ്യാര്‍ഥികള്‍ക്ക് ഐഐടികളില്‍ ഫെലോഷിപ്പ് നേടാന്‍ അവസരമൊരുക്കും. വടക്കു കിഴക്കന്‍ ഇന്ത്യയെ തെക്ക് കിഴക്കനേഷ്യയുടെ പ്രവേശന കവാടമാക്കി വികസിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി, മോദി പറഞ്ഞു. ഇന്ത്യ ഇന്ന് വളരെയധികം മാറി. ആറേഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ മാറ്റം വ്യക്തമായി കാണാനാകും. ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തായ് പ്രധാനമന്ത്രിയുടെ ക്ഷണ പ്രകാരമാണ് താന്‍ എത്തിയതെന്നും മോദി പറഞ്ഞു.
ഗുരു നാനാക്കിന്റെ 550-ാമത് ജയന്തിയോടനുബന്ധിച്ചുള്ള തപാല്‍ സ്റ്റാമ്പ് മോദി പുറത്തിറക്കി. തമിഴ് കാവ്യമായ തിരുക്കുറളിന്റെ തായ് ഭാഷയിലുള്ള വിവര്‍ത്തനവും അദ്ദേഹം പ്രകാശനം ചെയ്തു.
















