കശ്മീരിന്റെ കിഴക്കന്‍ ഭാഗം ലഡാക്കാണ്. അത് ടിബറ്റുകാരുടെ വംശവും സംസ്കാരവും ബുദ്ധമതവും ഉള്‍ക്കൊള്ളുന്നു. തെക്കന്‍ ഭാഗം ജമ്മു. അവിടെ ഹിന്ദു, മുസ്ലീം, സിക്ക് ജനവിഭാഗങ്ങള്‍. മധ്യകാശ്മീര് താഴ്വരയാകട്ടെ സുന്നി മുസ്ലീമുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടവും. എന്നാല്‍ അവിടെ കശ്മീരി ബ്രാഹ്മണര്‍ (പണ്ഡിറ്റ്) അടങ്ങുന്ന ഹൈന്ദവ ന്യൂനപക്ഷവും ഉണ്ട്. വടക്കുകിഴക്കന്‍ ഭാഗത്ത് ലഡാക്കിന്റെ പൈതൃകമുള്ള ബാള്‍ട്ടിസ്ഥാനികള്‍. പക്ഷേ അവര്‍ ഷിയാ മുസ്ലീമുകളാണ്. വടക്കന്‍ ഭാഗമാകട്ടെ ഗില്ഗിത്തുകാര്. ഷിയാ മുസ്ലീമുകള്‍. പടിഞ്ഞാറന്‍ പൂഞ്ച് ഭാഗത്ത് മുസ്ലീമുകളാണെങ്കിലും കശ്മീരികളില്‍ നിന്നും പൈതൃകപരമായും വംശപരമായും വ്യത്യസ്തര്‍. 1857-ലെ ഇന്ത്യന്‍ കലാപകാലത്ത്, കശ്മീര്‍ ബ്രിട്ടനോട് ചേര്‍ന്നു നിന്നു. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്റെ നേരിട്ടുള്ള ഭരണപരമായ ഇടപെടല്‍ മൂലം കശ്മീര്‍, ബ്രിട്ടീഷ് രാജാധികാരത്തിന്റെ മേല്ക്കോയ്മയ്ക്കു കീഴില്‍ കണ്ണിലുണ്ണിയായി.
സെന്‍സസ്
1941-ലെ ബ്രിട്ടീഷ് കണക്കെടുപ്പ് പ്രകാരം കശ്മീര്‍ രാജ്യത്തിലെ മുസ്ലീം ജനസംഖ്യ 77%. ഹിന്ദുക്കള്‍ 20%. ബുദ്ധ-സിക്ക് വിഭാഗങ്ങള്‍ 3%. എന്നാല്‍ ഭൂരിപക്ഷം വരുന്ന മുസ്ലീം ജനത ദരിദ്രരായിരുന്നു. സ്വന്തം ഭൂമിയില്ലാത്ത കൂലിപ്പണിക്കാര്‍. സിക്ക്-ഹൈന്ദവ ഭൂപ്രഭുക്കന്മാരുടെ കീഴില്‍ ഊഴിയം വേല ചെയ്യുന്നവര്‍. മുസ്ലീം ജനവിഭാഗത്തിന്റെ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികളില്‍ വന്‍ അഴിമതിയും. സിക്ക്-ഹിന്ദു നിയമങ്ങള്‍ക്കു കീഴില്‍ മുസ്ലീമുകള്‍ക്ക് വലിയ നികുതി. നിയമവ്യവസ്ഥകളില്‍ അവഗണന. കൂലിയില്ലാത്ത നിര്‍ബന്ധിത തൊഴിലും. ഈ ദുഃസ്ഥിതി വീണ്ടും കാശ്മീരികളെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ (ലാഹോര്‍ പ്രവിശ്യയിലെ) പഞ്ചാബ് നദീതടങ്ങളിലേയ്ക്ക് വീണ്ടും പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചു.
1941 -ലെ സെന്‍സസ് വരെ ഒരു നൂറ്റാണ്ടുകാലം ഇങ്ങനെയൊക്കെ ആയിരുന്നു. വളരെ ചെറിയൊരു വിഭാഗം സിക്ക്-ഹിന്ദു നാട്ടുപ്രമാണിമാര്‍ ഭൂരിപക്ഷം വരുന്ന മുസ്ലീം കര്‍ഷകത്തൊഴിലാളികളെ ഭരിക്കുകയും ദ്രോഹിക്കുകയും ചെയ്തു. ഭൂപ്രഭുക്കന്മാരുടെയും പലിശക്കാരുടെയും ബലിയാടുകളായി. വിദ്യാഭ്യാസ സൗകര്യം തീരെയില്ല. അവകാശങ്ങള്‍ ഇല്ലാത്തവര്‍. 1930 വരെയ്ക്കും രാഷ്ട്രീയ പ്രതിനിധികള്‍ പോലും കശ്മീരി മുസ്ലീമുകള്ക്കില്ലായിരുന്നു.
ഹരി സിംഗ് – കശ്മീര്‍
മഹാരാജാവ്
കശ്മീര്‍ – ജമ്മു രാജാവ് രണ്‍ബീര്‍ സിംഗിന്റെ മകന്റെ മകന് ഹരി സിംഗ് 1925-ല്‍ കശ്മീര്‍ രാജാവായി. 1947-ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യം സ്വതന്ത്ര സാമന്ത രാജ്യമായ ഇന്ത്യ, സാമന്തരാജ്യമായ പാക്കിസ്ഥാന് എന്നിങ്ങനെ വിഭജിക്കപ്പെടുംവരെ ഹരി സിംഗ് കശ്മീരിലെ മഹാരാജാവായി തുടര്‍ന്നു.
ഇന്ത്യാ വിഭജന കാലം
1947-ലെ വിഭജന കാലത്ത് കശ്മീര്‍ സാമന്തരാജ്യത്ത് രണ്ട് പ്രമുഖ രാഷ്ട്രീയ കക്ഷികളുണ്ടായി. നാഷണല്‍ കോണ്‍ഫറന്‍സും മുസ്ലീം കോണ്‍ഫറന്‍സും. നാഷണല്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കിയത് ഇന്ത്യയോട് ചായ്വുള്ള ഷെയ്ക് അബ്ദുള്ള. മുസ്ലീം കോണ്ഫറന്സിനാകട്ടെ ചായ്വ് പാക്കിസ്ഥാനോടും.
കശ്മീരില്‍ ബഹുജന പിന്തുണ നാഷണല്‍ കോണ്‍ഫറന്‍സിന്. എന്നാല്‍ ജമ്മുവില്‍ ബഹുജന പിന്തുണ മുസ്ലീം കോണ്‍ഫറന്‍സിന്. ഹിന്ദു-സിക്ക്-ബുദ്ധ ജനവിഭാഗമാകട്ടെ കശ്മീര്‍ ഇന്ത്യയില്‍ ലയിക്കുന്നതിനെ പിന്തുണയ്ക്കുന്നവരും. ജമ്മു-കശ്മീരിലെ ഭൂരിപക്ഷമായ മുസ്ലീമുകളുടെ മനോവികാരങ്ങളും രണ്ടുതട്ടിലായി. പടിഞ്ഞാറന്‍ ജമ്മുവിലേയും അതിര്‍ത്തി ജില്ലകളിലേയും മുസ്ലീമുകള്‍ ജമ്മു-കശ്മീര്‍ പാക്കിസ്ഥാനില്‍ ലയിക്കണമെന്ന നിലപാടിലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ വംശപാരമ്പര്യമുള്ള തനതു കശ്മീരി മുസ്ലീമുകള്‍ പാക്കിസ്ഥാനികളെ സംശയിക്കുന്നവരായിരുന്നു. ജമ്മുവിലും കശ്മീരിലുമുള്ള മുസ്ലീമുകളെ ആകമാനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശാല മുസ്ലീം പാക്കിസ്ഥാന് പദ്ധതി കശ്മീരികള്‍ക്ക് ഉള്ക്കൊള്ളാനാവുകയില്ലായിരുന്നു. കാരണം തങ്ങള്‍ ഇന്ത്യന്‍ വംശജരാണ്. ഏതാനും നൂറ്റാണ്ടുകള്‍ക്കപ്പുറം തങ്ങള്‍ ബ്രാഹ്മണരോ ക്ഷത്രിയരോ ഒക്കെയായിരുന്നു. അതേസമയം ഇന്ത്യയില്‍ ലയിക്കുന്നതിനു പകരം സ്വതന്ത്രരായി നില്ക്കാന് ആഗ്രഹിച്ചവരുമുണ്ട്.
കശ്മീര്‍-ജമ്മു ഭൂമേഖല വാസ്തവത്തില്‍ 1846-ലെ യുദ്ധത്തില്‍ സിക്കുകാരെ തോല്‍പ്പിച്ച ശേഷം ബ്രിട്ടീഷുകാരാല്‍ രൂപീകരിക്കപ്പെട്ട രാഷ്ട്രീയ ഭൂപടദേശമാണ്. പ്രധാന കാര്യം മുസ്ലീം ജനതയില്‍ ഭൂരിപക്ഷവും സ്വാഭാവികമായും വിശാല ഇസ്ലാമിക് പാക്കിസ്ഥാന് എന്ന ആശയത്തോട് ആഭിമുഖ്യമുള്ളവരായിരുന്നു. ഇതിനുകാരണം അടിച്ചമര്‍ത്തലും ചൂഷണവും ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനവുമാണ്. അപ്പോള്‍ വിശാല ഇസ്ലാമിക് പാക്കിസ്ഥാന് എന്ന ആശയം ഒരു മോചനമാകുമോ? തിരിച്ചു ചിന്തിച്ചവരും ഏറെയാണ്. പാക്കിസ്ഥാനികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പടിഞ്ഞാറന്‍ പഞ്ചാബികളാണ്. മുന്‍കാല ദുരനുഭവങ്ങള്‍ മുന്നിലുണ്ട്. മതം പൊതുവെ ഒന്നാണെങ്കിലും വിഭാഗീയത ഉണ്ടെങ്കിലും പഞ്ചാബി-കശ്മീരി സ്വത്വം രണ്ടാണ്. പടിഞ്ഞാറന്‍ പഞ്ചാബികള്‍ക്കു കീഴില്‍ കശ്മീരികളുടെ ഗതിയെന്താകും?
(അടുത്തയാഴ്ച: കശ്മീര്‍-ലഡാക്-ചൈന)
പ്രതികരിക്കാൻ ഇവിടെ എഴുതുക: