ദാനശീലമുള്ള ഭരണാധികാരികള്‍ കൂടിവരുന്നതില്‍ കേരളീയര്‍ക്ക് ആശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യാം. അന്നദാനം, രക്തദാനം, അവയവ ദാനം, എന്നിവയ്ക്കൊപ്പം മാര്‍ക്ക്ദാനവും ഇവിടെ സാധാരണമായി. നല്ല കാര്യം. പക്ഷേ, എംജി സര്‍വകലാശാലയിലെ ‘മാര്‍ക്ക് കൂട്ടലി’നെ ‘ദാന’മായി കാണുന്നത് ‘ദാനം’ എന്ന പദത്തിനുതന്നെ അപമാനകരമാണെന്ന് ചില ഭാഷാ സ്നേഹികള്‍ പറയുന്നു.
എംജി സര്‍വകലാശാലയില്‍ നടന്നത് മോഡറേഷനാണെന്നും അതിനെ മാര്‍ക്ക്ദാനമെന്ന് ചിത്രീകരിക്കുന്നത് ശരിയല്ലെന്നുമാണ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞതത്രെ. മോഡറേഷനും ദാനത്തിനും തമ്മിലുള്ള വ്യത്യാസമെന്താണ്, എല്ലാവര്ക്കും അറിയാവുന്നതുകൊണ്ടാവാം, മന്ത്രി വ്യക്തമാക്കിയിട്ടില്ല. ‘മോഡറേഷന് വേറെ, ദാനം വേറെ’ എന്നുമാത്രം നമ്മള് ധരിച്ചാല്‍ മതി.
ഇത് മാര്ക്ക്ദാനമല്ല, മാര്ക്ക്കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. ‘മാര്‍ക്ക് കുംഭകോണ’മെന്നും മാര്‍ക്ക് തിരിമറിയെന്നും ഈ ദാനത്തിന് അദ്ദേഹം സന്ദര്‍ഭാനുസരണം അര്‍ത്ഥം പറയുന്നുണ്ട്.
ഈ ദാനത്തിന്റെ അര്‍ത്ഥം കൊള്ളയിലോ കുംഭകോണത്തിലോ തിരിമറിയിലോ ഒതുങ്ങില്ലെന്നാണ് ചില വിദ്യാഭ്യാസ വിദഗ്ദ്ധരുടെ പക്ഷം. ഒരു സര്‍വകലാശാല അതിന്റെ മഹിമ നിലനിര്‍ത്തുകയും ഉദ്ദേശ്യം നിറവേറ്റുകയും ചെയ്യണമെന്നാഗ്രഹിക്കുന്നവരെല്ലാം ഇതിനെ ‘മാര്‍ക്ക് കയ്യേറ്റ’മായേ കാണൂ എന്ന് അവര്‍ പറയുന്നു.
‘ദാനവിവാദം’ സംബന്ധിച്ചുള്ള മന്ത്രിയുടെ വിശദീകരണം വായിച്ചാല്‍, അദ്ദേഹം മാര്‍ക്കല്ല, ദയയാണ് ദാനം ചെയ്തെന്നേ ആര്‍ക്കും തോന്നൂ. ജയിച്ചവരെ അനുമോദിക്കാന്‍ ആയിരം പേര് വരും. തോറ്റവരോടു ദയകാണിക്കാന്‍ ഈ മന്ത്രി മാത്രമേ വരൂ. ദാനശീലവും സൗമ്യത്വവും മന്ത്രിയില്‍ സമ്മേളിച്ചിരിക്കുന്നു!
”ദാനശീലന്നു സൗമ്യത്വം
തങ്കത്തിന്നു സുഗന്ധമാം”
എന്ന് കേരള പാണിനി പാടിയിട്ടുള്ളതോര്ക്കുക.
എന്തായാലും, ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ ഭാഗ്യമുള്ളവരാണ്.
”പരീക്ഷ വന്നു തലയില്‍ക്കേറി
പഠിച്ചതെല്ലാം മറന്നുപോയി
മനക്കുരുന്നില്‍ കനിവുള്ള സാറേ
എനിക്കൊരന്പതു മാര്‍ക്കു താ”
എന്നൊക്കെ പാടിനടന്ന പണ്ടത്തെ
പാവം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക്ദാനം ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. അവര്‍ക്കുവേണ്ടി കൊള്ളയ്ക്കോ കുംഭകോണത്തിനോ തിരിമറിക്കോ കയ്യേറ്റത്തിനോ ആരും മുതിര്‍ന്നില്ല.
‘മാര്‍ക്ക്ദാന’ത്തിന്റെ അര്‍ത്ഥത്തിന്റെ കാര്യത്തില്‍ അഭിപ്രായൈക്യം ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള അര്‍ത്ഥം സ്വീകരിക്കാം.
പത്രങ്ങളില്‍ നിന്ന്:
”കോട്ടയം: നഗരസഭ അധ്യക്ഷയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന എന്‍ജിനീയറിങ് റവന്യൂ വിഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 16 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ഡിവിആര്‍ മോഷണം പോയ സംഭവത്തില്‍
പോലീസ് അന്വേഷണം ആരംഭിച്ചു.”
മോഷണം പോയത് ഡിവിആര്‍ ആണെന്നുമാത്രം മനസ്സിലായി. ബാക്കി കാര്യങ്ങള്‍ വായനക്കാര്‍ അന്വേഷിക്കുക. കണ്ടെത്തുമെന്നുറപ്പില്ല.
”എന്താണ് കാതലായ പ്രശ്നമെന്ന് വ്യക്തമായ വിചിന്തനം നടത്താതെ തലക്കെട്ട് പ്രഖ്യാപനങ്ങളുമായി മന്ത്രി കാലക്ഷേപം കഴിക്കുകയാണ്.”
‘ക്ഷേപ’ത്തിന് കഴിക്കല്‍ എന്നാണര്‍ത്ഥം.
‘മന്ത്രി കാലം കഴിക്കുകയാണ്’ എന്നു മതി.
പിന്കുറിപ്പ്:
വാര്‍ത്ത:
”ഇതു സംബന്ധിച്ചുള്ള കരാര്‍ ഒപ്പിട്ടുകൊണ്ടിരിക്കുകയാണ്.”
എത്ര വലിയ ഒപ്പായിരിക്കുമത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: