മൂന്നാം അദ്ധ്യായം നാലാം പാദം
പരാമര്ശാധികരണംഇതില് മൂന്ന് സൂത്രങ്ങളുണ്ട്.സംന്യാസവുമായി ബന്ധപ്പെട്ട് ജൈമിനിയുടെ പൂര്‍വപക്ഷവും അതിന്റെ ഖണ്ഡനവുമാണ് ഇതില്‍. ആദ്യത്തേതില്‍ പൂര്‍വപക്ഷം പറയുന്നു. പിന്നെ രണ്ടെണ്ണത്തില്‍ അതിന്റെ മറുപടിയും നല്കുന്നു.
സൂത്രം -പരാമര്‍ശം ജൈമിനിരചോദനാ ചാപവദതി ഹി
ജൈമിനി മഹര്‍ഷി സംന്യാസത്തെപ്പറ്റി പരാമര്ശിക്കുന്നേയുള്ളൂ എന്ന് കരുതുന്നു. എന്തെന്നാല്‍ ചോദനാപരമായ വിധിവാക്യമില്ല. അപവദിക്കുകയും ചെയ്യുന്നുണ്ട്.
ജൈമിനി മഹര്‍ഷിയുടെ അഭിപ്രായത്തെ പൂര്‍വപക്ഷ വാദമായി പറയുന്നു.സംന്യാസത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടെന്നല്ലാതെ ചോദനാ ലക്ഷണമായ വിധിയൊന്നും ശ്രുതിയിലില്ല.സംന്യാസത്തെ അപവദിക്കുന്ന വാക്യങ്ങള്‍ ശ്രുതിയിലുണ്ട് .ഛാന്ദോഗ്യത്തില്‍ ധര്മ്മസ്കന്ധത്തിന്റെ മൂന്ന് ഭാഗങ്ങളായ യജ്ഞം, അധ്യയനം, ദാനം എന്നിവയെപ്പറ്റി പറയുന്നുണ്ട്.
യജ്ഞമാണ് ധര്‍മ്മാചരണത്തിന്റെ ആദ്യഭാഗം. രണ്ടാമത്തേത് ആചാര്യനോടൊപ്പം താമസിച്ചുള്ള ബ്രഹ്മചര്യ കാലം. അപ്പോഴാണ് പഠനം നടക്കുന്നത്. ആചാര്യ സന്നിധിയില്‍ ദേഹം സമര്‍പ്പിച്ച് ആത്മവിചാരം ചെയ്യലാണ് മൂന്നാമത്തേത്. ഇവരെല്ലാം പുണ്യലോകത്തെ പ്രാപിക്കുന്നു. എന്നാല്‍ മോക്ഷം നേടുന്നു എന്ന് പറയുന്നത് അര്‍ത്ഥവാദമാണ് എന്നാണ് ജൈമിനിയുടെ അഭിപ്രായം.
അത് വിദ്യയെ സ്തുതിക്കാന്‍ വേണ്ടി മാത്രം പറഞ്ഞിട്ടുള്ളതാണ്. ഈ ധര്മ്മസ്കന്ധങ്ങളെ അനുസരിക്കുന്ന ഗൃഹാസ്ഥാശ്രമങ്ങളിലുള്ളവര്ക്ക് മാത്രമേ അഗ്നിഹോത്രം മുതലായ കര്‍മ്മങ്ങള്‍ക്ക് അധികാരമുള്ളൂ.ഗുരുകുലത്തില്‍ നിന്ന് മടങ്ങിവന്ന് ഗൃഹസ്ഥാശ്രമം സ്വീകരിച്ച് വംശം നിലനിര്‍ത്തണമെന്നാണ് വിധി. മക്കളില്ലാത്തവന് പരലോകമില്ല എന്നും ശ്രുതി പറയുന്നതായി സംന്യാസ വിരോധികളായ കര്‍മ്മികള്‍ ചൂണ്ടിക്കാട്ടുന്നു.
സൂത്രം -അനുഷ്ഠേയം ബാദരായണഃ സാമ്യശ്രുതേഃ
മറ്റ് ആശ്രമങ്ങളും അനുഷ്ഠിക്കേണ്ടതാണെന്ന് ബാദരായണ ഋഷി കരുതുന്നു. എന്തെന്നാല്‍ എല്ലാറ്റിനേയും സമമായി ശ്രുതി പഞ്ഞിട്ടുണ്ട്.
ഗൃഹസ്ഥാശ്രമം സ്വീകരിച്ച് കര്‍മ്മങ്ങള്‍ ചെയ്യണമെന്ന് ജൈമിനി പറയുമ്പോള്‍ സന്ന്യാസം സ്വീകരിച്ച് കര്‍മ്മത്യാഗം ചെയ്യണമെന്ന് ബാദ രായണന്‍ എന്ന ആചാര്യന് പറയുന്നു. ശ്രുതിയില്‍ എല്ലാം സമമായി പറയുന്നതിനാലാണിത്.
‘യദഹരേവ വിരജേത് തദഹരേവ പ്രവ്രജേത്’ വൈരാഗ്യം വരുന്ന ദിവസം തന്നെ സന്ന്യസിക്കണം എന്ന് ശ്രുതിയുണ്ട്.
‘ഏതമേവ പ്രവ്രാജിനോ ലോക മിച്ഛന് തഃ പ്രവ്രജന്തി’ ബ്രഹ്മലോകത്തെ ആഗ്രഹിച്ചു കൊണ്ട് സന്ന്യസിക്കുന്നു എന്നും തുടങ്ങിയ ശ്രുതികള്‍ ഗൃഹസ്ഥാശ്രമത്തെപ്പോലെ തന്നെ മറ്റ് ആശ്രമങ്ങളും സ്വീകാര്യമാണെന്ന് സമര്‍ത്ഥിക്കുന്നു.
സംസാരത്തില്‍ നിന്നും മോക്ഷം നേടാന്‍ സഹായിക്കുന്ന ബ്രഹ്മവിദ്യ കര്‍മ്മ സംബന്ധമില്ലാത്തതുമാണെന്ന് ബാദരായണന്‍ പറയുന്നു. ഇങ്ങനെ ജൈമിനിയുടെ അഭിപ്രായത്തെ ഖണ്ഡിക്കുന്നു. നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിന്റെ ലക്ഷ്യം മോക്ഷമാണ്.
സൂത്രം -വിധിര്‍വാ ധാരണവത്
അല്ലെങ്കില്‍ ധാരണ ശബ്ദാര്‍ത്ഥം വിധിയാണെന്ന് കരുതാം, പരാമര്‍ശമല്ല. ‘അധസ്താത് സമിധം ധാരയന്നനുദ്ര വേദപുരി ഹി ദേവേഭ്യോ ധാരയതി’ എന്ന മന്ത്രത്തില്‍ ധാരയന്‍ എന്ന ശബ്ദം രണ്ട് ഭാഗത്തേക്കും അന്വയിക്കണം. ധാരയന്‍ എന്നത് അപൂര്‍വ ക്രിയയായതിനാല്‍ അനുവാദമായിട്ടല്ല വിധിയായാണ് കണക്കാക്കേണ്ടത്. അതുപോലെ മുണ്ഡകോപനിഷത്തിലെ നാല് ആശ്രമങ്ങളുടെ വര്‍ണനവും അനുവാദമായിട്ടല്ല, വിധിയായി തന്നെ കാണണം.ശ്രുതിയില്‍ ആശ്രമ വിധിയെ വ്യക്തമാക്കിയിട്ടുണ്ട്.
ജാബാല ഉപനിഷത്തില്‍ ‘ ബ്രഹ്മചര്യം പരിസമാപ്യ ഗൃഹീ ഭവേത് ഗൃഹീ ഭൂത്വാ വനീ ഭവേത് വനീ ഭൂത്വാ പ്ര പ്രവ്രജേത്, യദിവേതരഥാ ബ്രഹ്മചര്യാദേവ പ്രവ്ര ജേത്, ഗൃഹാദ്വാവനാദ്വാ യദഹരേവവിരജേത് തദഹരേവ പ്രവ്രജേത്’ എന്ന് പറയുന്നു.
ബ്രഹ്മചര്യം കഴിഞ്ഞാല്‍ ഗാര്‍ഹസ്ഥ്യം അതിന് ശേഷം വാനപ്രസ്ഥം തുടര്‍ന്ന് സന്ന്യാസം.ബ്രഹ്മചര്യത്തില്‍ നിന്നോ ഗാര്‍ഹസ്ഥ്യത്തില്‍ നിന്നോ വാനപ്രസ്ഥത്തില് നിന്നോ സംന്യസിക്കാം. എപ്പോള്‍ പൂര്‍ണ വിരക്തിവരുന്നോ അപ്പോള്‍ തന്നെ സംന്യസിക്കണം എന്നുമാണ് ഈ ശ്രുതി വാക്യം പറയുന്നത്.
കര്‍മ്മം ഉപേക്ഷിക്കരുതെന്നും കര്‍മ്മം ചെയ്ത് 100 കൊല്ലം ജീവിക്കണമെന്നും പറഞ്ഞത് കര്‍മ്മത്തില്‍ ആസക്തിയുള്ളവരോടാണ്. വിരക്തന്മാര്ക്ക് അത് ബാധകമല്ല. അതിനാല്‍ കര്‍മ്മമില്ലാതെ ബ്രഹ്മവിദ്യകൊണ്ട് തന്നെ പരമപദം നേടാം. 9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: