മുംബൈ: മഹാരാഷ്‌ട്ര സര്‍ക്കാര്‍ ദേവേന്ദ്ര ഫഡ്‌നാവിസ് നയിക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് രാംദാസ് അത്തവാലെ. ആദിത്യ താക്കറെക്ക് മുന്‍പരിചയവും പക്വതയും ഇല്ല. മുഖ്യമന്ത്രി സ്ഥാനം ബിജെപി അംഗമായ ഫഡ്‌നാവിസിന് തന്നെ ലഭിക്കണമെന്നും അത്തവാലെ പറഞ്ഞു.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്നാണ് ശിവസേന ’50-50′ ഫോര്‍മുലയുമായി മുന്നോട്ട് വന്നത്. ഇത് പ്രകാരം മുഖ്യമന്ത്രി സ്ഥാനം ഇരു പാര്‍ട്ടികളും തമ്മില്‍ രണ്ടര വര്‍ഷം വീതം പങ്കിടണമെന്ന് നിലപാടാണ് സര്‍ക്കാര്‍ രൂപീകരണത്തിനു വിലങ്ങുതടിയായത്. ഈ ഫോര്‍മുല ബിജെപി നിഷേധിച്ചെങ്കിലും സേനക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
288 അംഗ മഹാരാഷ്‌ട്ര നിയമസഭയില്‍ 105 സീറ്റുകളില്‍ ബിജെപിയും 56 ല്‍ ശിവസേനയും വിജയിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ രാഷ്‌ട്രപതി ഭരണം നടപ്പാകുമെന്ന് നിലവിലെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, നവംബര്‍ 5ന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
















