പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നീതി കിട്ടാതിരിക്കാനായി മുഖ്യമന്ത്രിയും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറും നടത്തിയ ഗൂഢനീക്കം പുറത്ത്. കേസിന്റെ വിചാരണ ഘട്ടത്തില്‍ പ്രോസിക്യൂട്ടറെ മാറ്റുന്നതിലടക്കം ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഇന്നലെ കേന്ദ്ര ബാലാവകാശ കമ്മീഷനെ ഒഴിവാക്കാനും നാടകം കളിച്ചിരുന്നു. ഈ നാടകം ഫലം കണ്ടതോടെ വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാതെ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ തിരിച്ച് പോയി. തിരുവനന്തപുരത്തേക്ക് പോയ മാതാപിതാക്കള്‍ വീട്ടിലേക്ക് മടങ്ങിയെത്താത്ത സാഹചര്യത്തില്‍ കൂടിക്കാഴ്ച നടക്കാതായതോടെയാണ് കമ്മീഷന്‍ അംഗം ഡല്‍ഹിയിലേക്ക് മടങ്ങിയത്. കമ്മീഷന്‍ ഡല്‍ഹിയിലേക്ക് മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഇന്നു വൈകിട്ട് നാലോടെയാണ് ഇരുവരെയും തിരിച്ച് പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ എത്തിച്ചത്.
ഇന്നലെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടിരുന്നു. ഇതിന് ശേഷം അവര്‍ വീട്ടിലേക്കെത്തിയിട്ടില്ല. ബാലവകാശ കമ്മീഷന്‍ എത്തുന്ന ദിവസം തന്നെയാണ് മാതാപിതാക്കള്‍ തിരുവനന്തപുരത്തേക്ക് പോയത്. ഇതിനെതിരെ കമ്മീഷന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. പെണ്‍കുട്ടികളുടെ മരണത്തില്‍ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കേസില്‍ അട്ടിമറി നടത്തിയതും പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തിയതും അരിവാള്‍ ചുറ്റികപാര്‍ട്ടിയാണെന്ന് പെണ്‍കുട്ടികളുടെ അമ്മ നേരത്തേ ആരോപിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായ സാഹചര്യത്തിലാണ് രക്ഷിതാക്കളെ കേന്ദ്ര കമ്മീഷന്റെ സന്ദര്‍ശന ദിവസം തന്നെ മാറ്റിയത്. കമ്മീഷനംഗം യശ്വന്ത് ജയ്‌നാണ് ഇന്നലെയെത്തിയത്. കേന്ദ്രബാലാവകാശകമ്മീഷന്‍ വാളയാര്‍ അട്ടപ്പള്ളത്തെ പെണ്‍കുട്ടികളുടെ വീട് ഇന്നലെ സന്ദര്‍ശിക്കുമെന്ന് ഒരാഴ്ച മുമ്പ് തന്നെ അറിയിച്ചിരുന്നതാണ്. കെപിഎംഎസ് ജനറല്‍ സെക്രട്ടറിയും നവോത്ഥാന സമിതി രൂപീകരിച്ച് ശബരിമല ആചാരലംഘനത്തിനുള്ള മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത പുന്നല ശ്രീകുമാര്‍ ഇടപെട്ട് കഴിഞ്ഞ രാത്രി ഇരുവരെയും മുഖ്യമന്ത്രിയെ കാണാന്‍ എന്നുപറഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. രാത്രി ഏഴുമണിയോടെ വാളയാര്‍ എസ്‌ഐയും സിഐയും പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതു കഴിഞ്ഞ് മൂക്കാല്‍ മണിക്കൂറിന് ശേഷമാണ് അച്ഛനമ്മമാര്‍ പോയത്.
രക്ഷിതാക്കളെ മാറ്റിയതുസംബന്ധിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് പോലും അറിവ് ലഭിച്ചിരുന്നില്ല. കമ്മീഷന്‍ വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ചില സിപിഎം പ്രാദേശിക നേതാക്കള്‍ കുട്ടികളുടെ വീട്ടിലെത്തിയിരുന്നു. മന്ത്രിയെ കാണാന്‍ പോകാമെന്ന് പറഞ്ഞ് രക്ഷിതാക്കളെ വിളിച്ചിരുന്നെങ്കിലും അവര്‍ നിരസിച്ചു. ഇതേ തുടര്‍ന്നാണ് കെപിഎംഎസിനെ ഇടപെടുത്തി രക്ഷിതാക്കളെ കൊണ്ടുപോയത്.
മാത്രമല്ല ബാലാവകാശ കമ്മീഷന്‍ വരുന്നത് സംബന്ധിച്ച് ജില്ലാപോലീസ് മേധാവിയെയും കളക്ടറെയും ഔദ്യോഗികമായി അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇരുവരും ഇന്നലെ ഉണ്ടാവാതിരുന്നതിലും ദുരൂഹതയുണ്ട്. കോയമ്പത്തൂരിലെത്തിയ കമ്മീഷന്‍ അംഗത്തെ സ്വീകരിക്കാന്‍ സോഷ്യല്‍വെല്‍ഫയര്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും സബ് കളക്ടര്‍ ഉള്‍പ്പെടെ എത്തിയില്ല. രക്ഷിതാക്കളെ കണ്ട് കമ്മീഷന്‍ തെളിവ് ശേഖരിക്കാന്‍ വരുമ്പോള്‍ അവരെ മാറ്റിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ബിജെപിയും, ആക്ഷന്‍ കമ്മിറ്റിയും ആരോപിച്ചു. തങ്ങളെപോലൂം അറിയിക്കാതെയാണ് ഈ യാത്രയെന്ന് ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എം. ബാലമുരളി ജന്മഭൂമിയോട് പറഞ്ഞു.
















