ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ വിവിധ പദ്ധതികളും ആശയങ്ങളും സമാഹരിച്ച് നടപ്പാക്കുകയയാണ്. ഇതിനിടെയിലാണ് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാന്‍ സാധിക്കുന്ന ആശയവുമായി തെലങ്കാന കലക്റ്റര്‍ രംഗത്തെത്തിയത്. മറ്റൊന്നുമല്ല ഒരു കിലോ പ്ലാസ്റ്റിക് നല്‍കിയാല്‍ ജില്ലാ ഭരണകൂടം ഒരു കിലോ അരി നിങ്ങള്‍ക്ക് സൗജന്യമായി നല്‍കും. ഒരു നൂതന ആശയവുമായി ഈ യജ്ഞം നടപ്പാക്കിയത് തെലങ്കാനയിലെ മുളുഗു ജില്ല. ‘ഒരു കിലോ പ്ലാസ്റ്റിക്കിന് ഒരു കിലോ അരി’ എന്ന ആശയമാണ് മുളുഗു ജില്ലാ കളക്ടര്‍ സി. നാരായണ റെഡ്ഡി മുന്നോട്ട് വെച്ചത്. 174 ഗ്രാമങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളായ കുപ്പി, സ്‌ട്രോ, സ്പൂണ്‍, ഗ്ലാസ്, കാരി ബാഗ് തുടങ്ങിയവ സംസ്ഥാനത്ത് നിരോധിക്കുന്നതിന് മുന്നോടിയായാണ് ഈ ആശയം മുന്നോട്ട് വെച്ചത്.
പദ്ധതി നടത്തിപ്പിനായി വിവിധ പ്രദേശങ്ങളിലെ പ്ലാസ്റ്റിക്ക് കളക്ഷന്‍ സെന്ററുകള്‍ വഴി ഗ്രാമങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ചു. ‘പ്ലാസ്റ്റിക്ക് മാലിന്യത്തെ കുറിച്ചും അത് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ഒരു പ്രചോദനമായിട്ടാണ് പകരം അരി നല്‍കുന്നത്. ഒക്‌റ്റോബര്‍ 16 മുതല്‍ 2 വരെയായിരുന്നു യജ്ഞം. കലക്റ്ററുടെ ആശയം പ്രാവര്‍ത്തികമാക്കാന്‍ നിരവധി പേര്‍ സംഭാവനുമായി രംഗത്തെത്തി.

ഏകദേശം 450 ക്വിന്റല്‍ അരിയും ആറു ലക്ഷം രൂപയും സംഭാവനയായി ലഭിച്ചു. ലഭിച്ച പ്ലാസ്റ്റിക് മാലിന്യം ആകട്ടെ 31,000 കിലോഗ്രാമാണ്. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം മാത്രമല്ല, സംഭാവനയായി ലഭിച്ച തുണികള്‍ കൊണ്ടു സഞ്ചികള്‍ തയ്‌ക്കാന്‍ തുന്നല്‍കാരേയും ഏര്‍പ്പെടുത്തി. പ്ലാസ്റ്റിക് കൊണ്ടു വരുന്നവര്‍ക്കെല്ലാം അരിക്കു പുറമേ ഉപയോഗത്തിന് സഞ്ചിയും നല്‍കി. 35,000 തുണി സഞ്ചികളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. യജ്ഞത്തില്‍ നിരവധി സ്‌കൂളുകളും കോളേജുകളും സജീവമായി പങ്കെടുത്തു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഗ്രാമങ്ങളെല്ലാം സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്തമായി മാറുകയാണ്.
















