ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളായിട്ടായിരിക്കും വോട്ടെടുപ്പെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പ്രഖ്യാപിച്ചു. നവംബര്‍ 30 നാണ് ഒന്നാംഘട്ടം. ഡിസംബര്‍ ഏഴ്, 12, 16, 20 എന്നീ തീയതികളിലാണ് തുടര്‍ന്നുള്ള നാലു ഘട്ടങ്ങള്‍. ഡിസംബര്‍ 23നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനവും. ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്രയിലും ഹരിയാനയിലുമാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബര്‍ 21നായിരുന്നു വോട്ടെടുപ്പ്.
81 അംഗ നിയമസഭയില്‍ 35 സീറ്റുകള്‍ നേടിയാണ് 2014ല്‍ ജാര്‍ഖണ്ഡില്‍ ബിജെപി അധികാരം പിടിച്ചത്. എജെഎസ്‌യു 17 സീറ്റുകളില്‍ വിജയിച്ചു. രഘുബര്‍ ദാസാണ് ജാര്‍ഖണ്ഡിലെ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ നയിക്കുന്നത്.
















