തിരുവനന്തപുരം : പാലക്കാട് മെഡിക്കല്‍ കോളേജ് എസ്എഫ്‌ഐ യൂണിയന്‍ പരിപാടിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ അതിഥിയായി ക്ഷണിച്ചില്ലെന്ന് പ്രിന്‍സിപ്പല്‍. കോളേജ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ നടനെ വിളിച്ചു വരുത്തി അപമാനിച്ച സംഭവം വിവാദമായതോടെയാണ് പ്രിന്‍സിപ്പല്‍ ഡോ.കുലാസ് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
യൂണിയന്റെ പരിപാടിയില്‍ ബിനീഷിനെ ഔദ്യോഗികമായി ആരും ക്ഷണിച്ചിട്ടില്ല. കോളേജിലെത്തിയ അദ്ദേഹത്തെ തടയാനും ആരും ശ്രമിച്ചിട്ടില്ലെന്നും ഡോ. കുലാസ് മാധ്യമങ്ങളെ അറിയിച്ചു. കോളേജിലെ സ്റ്റാഫായ ഡോ. പ്രത്യക്ഷയും യൂണിയന്‍ മെംബേര്‍സുമായി ഔദ്യോഗിക വണ്ടിയില്‍ രാധാകൃഷ്ണന്‍ സാറിനെ നേരില്‍ ചെന്നാണ് ക്ഷണിച്ചത്.
എന്നാല്‍ ബിനീഷ് ബാസ്റ്റിനെ അറിയുമോ എന്നത് സംബന്ധിച്ച് ചോദ്യത്തിന് സിനിമയുമായി തനിക്ക് യാതൊരു ബന്ധം ഇല്ല. അങ്ങിനൊരാള്‍ ചീഫ് ഗസ്റ്റായി വരുന്നതായി തനിക്ക് സൂചനയുണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. ബിനീഷ് കോളജിലെത്തിയപ്പോള്‍ ചെയര്‍മാന്‍ തന്നെ വേദിയില്‍ കയറി വന്നു വിളിക്കുകയായിരുന്നു. നേരത്തെ വരണ്ടാ എന്നു പറഞ്ഞ ബിനീഷ് ഇപ്പോള്‍ വന്നിട്ടുണ്ടെന്ന് ചെയര്‍മാനാണ് തന്നെ അറിയിച്ചത്. ഇതൊരു ചെറിയ സംഭവമാണെന്നും അതില്‍ പോലീസ് കേസോ അടിപിടിയോ ഒന്നുമുണ്ടായിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതിനിടെ സംഭവം വിവാദമായതോടെ തിരുവനന്തപുരത്തെത്തി മന്ത്രി എ.കെ. ബാലനുമായി പ്രിന്‍സിപ്പല്‍ കൂടിക്കാഴ്‌ച്ച നടത്തി വിശദാംശങ്ങള്‍ ധരിപ്പിച്ചു. സംസ്ഥാനത്ത് ചര്‍ച്ചാവിഷയം ആയതോടെ സ്വന്തം നിലയ്‌ക്ക് മന്ത്രിയെ കാണാന്‍ എത്തിയതാണ്. അല്ലാതെ ്ആരും വിളിപ്പിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
















