പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാപോലീസ് മേധാവിയുടെയും കളക്ടറുടെയും നിലപാടില്‍ അതൃപ്തി അറിയിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍. വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കാണുന്നതിന് എത്തിയതായിരുന്നു കമ്മീഷന്‍ അംഗം യശ്വന്ത് ജയ്ന്‍. കമ്മീഷന്‍ വരുന്നത് അറിഞ്ഞിട്ടും രക്ഷിതാക്കളെ മുഖ്യമന്ത്രിയെ കാണാന്‍ കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് നടത്തുന്നതിന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സുരക്ഷയും, സുപ്രീംകോടതി വരെ നിയമസഹായവും നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ തയാറാണെന്നും സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായും യശ്വന്ത് ജയ്ന്‍ അറിയിച്ചു.
31ന് കമ്മീഷന്‍ വരുമെന്ന് അറിയിച്ചിട്ടും ജില്ലാ പോലീസ് മേധാവിയും കളക്ടറും സ്ഥലത്ത് ഇല്ലാത്തത് ആശ്ചര്യപ്പെടുത്തി. ഇരുവരെയും ദല്‍ഹിയിലേക്ക് വിളിപ്പിക്കും. ഉദ്യോഗസ്ഥര്‍ മാറി നിന്നതില്‍ ദുരൂഹതയുണ്ട്. കേസിന്റെ ആദ്യഘട്ടം മുതല്‍ക്കു തന്നെ വീഴ്ചയുണ്ടായിട്ടുണ്ട്. പല സാഹചര്യത്തെളിവുകളുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ടു. സര്‍ക്കാരിന് ഈ കേസ് അട്ടിമറിച്ചതിനോട് അനുഭാവപൂര്‍വമായ നിലപാടാണുള്ളത്. പ്രതികളെ രക്ഷിക്കുവാന്‍ ശ്രമം നടന്നു.
സര്‍ക്കാര്‍തലത്തിലുള്ള അനാസ്ഥമൂലമാണ് രണ്ടാമത്തെ കുട്ടി മരിക്കാന്‍ കാരണം. ആദ്യകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ രീതിയില്‍ ഫൊറന്‍സിക്, മെഡിക്കല്‍, ഡിഎന്‍എ ടെസ്റ്റ് എന്നിവ നടത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ട് എന്ന് ഡോക്ടര്‍ സൂചിപ്പിച്ചിട്ടും വേണ്ടത്ര രീതിയില്‍ ഗൗരവത്തിലെടുക്കാന്‍ അധികൃതര്‍ തയാറായില്ല എന്നത് ദുരൂഹമാണ്. ആദ്യപെണ്‍കുട്ടിയുടെ മരണത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപാകങ്ങളുണ്ടെന്നും ശരിയായ അന്വേഷണം നടന്നതാണെങ്കില്‍ പ്രതികള്‍ രക്ഷപ്പെടില്ലായിരുന്നുവെന്നും യശ്വന്ത് ജയ്ന്‍ പറഞ്ഞു.
















