തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍, കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കാന്‍ മന്ത്രിസഭായോഗ തീരുമാനത്തിനെതിരേ കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ രൂപീകരിക്കുന്നതിന് നിയമ നിര്‍മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചത് ക്യാമ്പസുകളെ ചുവപ്പിന്റെ വരുതിയിലാക്കാനാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ രൂപീകരിക്കുന്നതിന് നിയമ നിര്‍മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചത് ക്യാമ്പസുകളെ ചുവപ്പിന്റെ വരുതിയിലാക്കാനല്ലാതെ മറ്റെന്തിന്? എസ് എഫ് ഐ ഗുണ്ടായിസത്തിന് നിയമപരമായ പിന്തുണ കൂടി ഉറപ്പാക്കി ബദല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണിത്. കേരളത്തിലെ കലാലയങ്ങളില്‍ യൂണിവേഴ്‌സിറ്റി കോളജ് മോഡല്‍ നടപ്പാക്കാനുള്ള ഗൂഢനീക്കത്തെ ചെറുത്തേ മതിയാകൂ.
സ്‌കൂള്‍, കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണു തീരുമാനിച്ചത്. നിരോധിക്കപ്പെട്ട യൂണിയന്‍ പ്രവര്‍ത്തനം സ്‌കൂളുകളിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിന് ഗുണകരമാകുമെന്നും ന്യായീകരിച്ചാണ് തീരുമാനം. സ്‌കൂളുകളില്‍ യൂണിയന്‍ പ്രവര്‍ത്തനം നിരോധിച്ച സാഹചര്യത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും യൂണിയന്‍ പ്രവര്‍ത്തനം നിയമവിധേയമാക്കാണമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തേണ്ടതുണ്ട്. ഈ സഭാകാലയളവില്‍ തന്നെ ബില്‍ കൊണ്ടുവരാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.
















