ന്യൂദല്‍ഹി : ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വായുമലിനീകരണം മൂലം പ്രാണവായുവിന്റെ ലഭ്യതയില്‍ ഗണ്യമായ കുറവ് വന്നതോടെയാണിത്. ഇതുകൂടാതെ രാവിലെമുതല്‍ മൂടല്‍മഞ്ഞും അസഹനീയമായി. ഇതേത്തുടര്‍ന്ന് കെട്ടിട നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നവംബര്‍ അഞ്ചു വരെ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. പടക്കങ്ങള്‍ പൊട്ടിക്കുന്നതിനും പൂര്‍ണ നിരോധനമുണ്ട്. പുകനിറഞ്ഞ മൂടല്‍മഞ്ഞും പൊടിയും കാരണം തലസ്ഥാന നിവാസികള്‍ക്ക് ശ്വാസതടസവും ചൊറിച്ചിലും തൊണ്ടവേദനയുമൊക്കെ അനുഭവപ്പെട്ടു തുടങ്ങി.
ഡല്‍ഹി രൂക്ഷമായ ആരോഗ്യ പ്രതിസന്ധി നേരിടുന്നതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നോയിഡയിലും ഫരിദാബാദിലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ശ്വസിക്കുന്ന ഓരോ 22 മൈക്രോഗ്രാം ക്യുബിക് മീറ്ററിലും ഒരു സിഗരറ്റിലുള്ള വിഷം അടങ്ങിയിരിക്കുന്നു. ഇതേത്തുടര്‍ന്ന് 50 ലക്ഷത്തോളം മാസ്‌കുകള്‍ ഗവണ്‍മെന്റ് വിതരണം ചെയ്തു. ഡല്‍ഹി ഗ്യാസ് ചേംബറായി മാറിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. പഞ്ചാബിലും ഹരിയാനയിലും പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്.
ദീപാവലിക്ക് ശേഷം ഇന്നാണ് ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായത്. രാവിലെ അന്തരീക്ഷ വായു നിലവാരം അതീവ മോശമെന്നാണ് രേഖപ്പെടുത്തിയത്.ഇന്ത്യ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷം മലിനമായിരിക്കുന്നത്.
















