ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന കറുത്ത ബാഗ് കണ്ടെടുത്തത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി.
പുലര്‍ച്ചെ ഒരു മണിയോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ശ്രദ്ധക്കപ്പെടാതെ കിടന്ന ബാഗ് കണ്ടെടുത്തത്. സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന ആര്‍ഡിഎക്‌സാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം നിയന്ത്രണം ഏര്‍പ്പെടുത്തി. സിഐഎസ്എഫിലെയും ദല്‍ഹി പോലീസിലെയും ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ അട്ടിമറി വിരുദ്ധ പരിശോധനയും നടത്തി. ശേഷം പുലര്‍ച്ചെ നാലുമണിയോടെയാണ് യാത്ര അനുവദിച്ചത്.
സിഐഎസ്എഫിന്റെ സഹായത്തോടെ ബാഗ് നീക്കം ചെയ്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സഞ്ജയ് ഭാട്ടിയ പറഞ്ഞു. സ്‌ഫോടകവസ്തുവിന്റെ കൃത്യമായ സ്വഭാവം അന്വേഷിച്ചുവരികയാണ്. അടുത്ത 24 മണിക്കൂറോളം ബാഗ് നിരീക്ഷണത്തിലാണ്. വീര്യമുള്ള സ്‌ഫോടക വസ്തു (ഐഇഡി) ആണോ എന്നത് നിലവില്‍ വ്യക്തമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
















