ഹൈദരാബാദ്: മുത്തലാഖ് നിയമം മൂലം നിരോധിച്ച ശേഷവും മുസ്ലിം സമുദായത്തില്‍ നിയമപരമല്ലാത്ത വിവാഹമോചനം തുടരുന്നതിന് മറ്റൊരു ഉദാഹരണം കൂടി. ഹൈദരാബാദില്‍ നിന്നാണ് മുത്തലാഖ് വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാര്യയ്‌ക്ക് കോമ്പല്ലാണെന്നു പറഞ്ഞാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്. ഈ വര്‍ഷം വിവാഹിതരായ രുക്‌സാന ബീഗമാണ് ഭര്‍ത്താവ് മുസ്തഫയ്‌ക്കെതിരേ പരാതി നല്‍കിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് രുക്‌സാന പരാതിയില്‍ പറയുന്നു.
പരാതിയില്‍ പറയുന്നത് ഇങ്ങനെ- വിവാഹ സമയത്ത് മുസ്തഫയും കുടുംബവും ആവശ്യപ്പെട്ട സ്ത്രീധനം തന്റെ മാതാപിതാക്കള്‍ നല്‍കിയിരുന്നു. വിവാഹ ശേഷം ഭര്‍ത്താവും അവരുടെ കുടുംബവും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കാന്‍ തുടങ്ങി. വീട്ടില്‍ പോയി കൂടുതല്‍ പണവും സ്വര്‍ണവും എടുത്തുകൊണ്ടുവരാന്‍ ഭീഷണിപ്പെടുത്തി. തന്റെ സഹോദരന്റെ ബൈക്ക് പോലും മുസ്തഫ കൈക്കലാക്കി. കൂടുതല്‍ പീഡനത്തിനു ശേഷം തനിക്ക് കോമ്പല്ലാണെന്നും ഇഷ്ടമല്ലെന്നും ഭര്‍ത്താവ് മുസ്തഫ പറയുകയായിരുന്നു. ശേഷം 15 ദിവസത്തോളം എന്നെ വീട്ടില്‍ പൂട്ടിയിട്ടു. രോഗം പിടിപെട്ടതോടെ തന്നെ മാതാപിതാക്കളുടെ അടുത്തേക്ക് പറഞ്ഞുവിട്ടെന്നും രുക്‌സാന. പോലീസില്‍ പരാതി നല്‍കിയതോടെ മുസ്തഫയും കുടുംബവും ഒത്തുതീര്‍പ്പിന് വന്നു. തന്നെ കൂട്ടിക്കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് ഒക്‌റ്റോബര്‍ ഒന്നിന് മുസ്തഫ വീട്ടിലെത്തി രുക്‌സാനയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ ശേഷം മുത്തലാഖ് ചൊല്ലുകയായിരുന്നു. പിന്നീട് ഒരാഴ്ച ശേഷം മുസ്തഫയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍വഴിയും മുത്തലാഖ് ചൊല്ലി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. മുസ്തഫയ്‌ക്കെതിരേ മുത്തലാഖ് നിരോധന നിയമപ്രകാരവും സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
















