മൂന്നാം അദ്ധ്യായം നാലാം പാദം
സൂത്രം അസാര്‍വത്രികീ
കര്‍മ്മത്തോടു കൂടി ചെയ്യുന്നത് വീര്യവത്തരമാകുമെന്ന് പറഞ്ഞത് എല്ലായിടത്തും ബാധകമല്ല. ആ ശ്രുതിവാക്യം ഏകദേശീയമാണ്. എല്ലായിടത്തും കണക്കാക്കാനാവില്ല.
ഛാന്ദോഗ്യത്തില്‍ ‘യദേവ വിദ്യയാ കരോതി ശ്രദ്ധയോപനിഷദാ തദേവ വീര്യവത്തരം ഭവതി’ വിദ്യയോടും ശ്രദ്ധയോടും കൂടി ചെയ്യുന്ന കര്‍മ്മങ്ങള്‍ കൂടുതല്‍ ഫലമുള്ളവയായിത്തീരുമെന്ന് പറഞ്ഞത് ഉദ്ഗീഥ പ്രകരണത്തില്‍ മാത്രമാണ്. മറ്റ് പ്രകരണങ്ങളോട് അതിന് ബന്ധമില്ല. അത് കര്‍മവും വിദ്യയും തമ്മിലുള്ള സാര്‍വത്രിക ബന്ധത്തെ കാണിക്കുന്നില്ല.
സൂത്രം- വിഭാഗഃ ശതവത്
മരിച്ച് പോകുന്ന ഒരാളെ ജ്ഞാന കര്‍മ്മങ്ങള്‍ അനുഭവിക്കുന്നു എന്ന് പറയുമ്പോള്‍ അവയുടെ വിഭാഗം നൂറ് എന്നത് പോലെയാണ്.
നൂറ് മുദ്രകളെ വിഭജിക്കുന്നത് പോലെയാണ്. തധികാരി ഭേദത്തിനുസരിച്ച് കര്‍മ്മജ്ഞാനങ്ങളെ വിഭജിച്ചിരിക്കുന്നു.
ബൃഹദാരണ്യകത്തില്‍ ‘ തം വിദ്യാകര്‍മ്മണി സമന്വാരഭേതേ’ പരലോകത്തിലേക്ക് പോകുന്നയാളെ വിദ്യാകര്‍മ്മങ്ങള്‍ അനുഗമിക്കുന്നു എന്ന് പറയുമ്പോള്‍ രണ്ടു പേര്‍ക്ക് കൂടി 100 രൂപ കൊടുക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതു പോലെയാണ്. ആദ്യത്തെയാള്‍ക്ക് 50 രൂപയും രണ്ടാമത്തെയാള്‍ക്ക് അടുത്ത 50 രൂപയും കൊടുക്കും.
സാധനാഭ്രഷ്ടനായ ഒരാളെ വിദ്യയും കര്‍മ്മിയായ ആളെ കര്‍മ്മവും അനുഗമിക്കും എന്ന് അര്‍ഥം ധരിക്കണം. ഇവിടെ സമുച്ചയമല്ല വികല്‍പമാണ് ഉദ്ദേശിച്ചത്. അതിനാല്‍ വിദ്യ കര്‍മ്മാംഗമല്ല. വിദ്യ കര്‍മ്മവുമായി ബന്ധപ്പെടുന്നില്ല.
സൂത്രം -അദ്ധ്യയനമാത്രവതഃ
ബ്രഹ്മവിദ്യയുടെ അനുഷ്ഠാനമില്ലാതെ അദ്ധ്യയനം മാത്രമുള്ള ബ്രഹ്മചാരിയെക്കുറിച്ചാണ് ഇത്.
പൂര്‍വപക്ഷത്തിലെ ആറാം സൂത്രത്തില്‍ ഗുരുകുലവാസം കഴിഞ്ഞുള്ള കര്‍മ്മാനുഷ്ഠാനത്തെ വിവരിച്ച് കര്‍മ്മത്തിന്റെ അംഗമാണ് വിദ്യയെന്ന് സമര്‍ത്ഥിച്ചത് ശരിയല്ല,
എന്തെന്നാല്‍ ബ്രഹ്മവിദ്യയുടെ ശ്രവണമാകുന്ന അദ്ധ്യയനം മാത്രമുള്ള ബ്രഹ്മചാരിക്കാണ് അത്തരത്തിലുള്ള കര്‍മ്മങ്ങള്‍ വിധിച്ചിട്ടുള്ളത്. മനനം നിദിധ്യാസനം എന്നിവയാല്‍ അന്തഃ കരണ ശുദ്ധി വന്നയാള്‍ക്ക് അങ്ങനെയുള്ള കര്‍മ്മങ്ങളുടെ ആവശ്യം വരുന്നില്ല. ബ്രഹ്മ വിദ്യയുടെ അടിസ്ഥാനമുള്ളയാള്‍ക്ക് യാതൊരു കര്‍മ്മത്തിന്റെയും ആവശ്യമില്ല. അന്തഃകരണ ശുദ്ധിക്കാണ് ആ കര്‍മ്മങ്ങള്‍ വിധിച്ചിരിക്കുന്നത്. അതിനാല്‍ ബ്രഹ്മവിദ്യ കര്‍മ്മാംഗമല്ല.
സൂത്രം – നാവിശേഷാത്
വിദ്യാനുള്ളതാണെന്ന വിശേഷം ഒന്നുമില്ലാത്തതിനാല്‍ വിദ്യ കര്‍മ്മാംഗമല്ല.
വിദ്വാന്‍മാരെ ഉദ്ദേശിച്ചുള്ളതല്ല ആ ശ്രുതി വാക്യം. അത് സാധാരണക്കാരെ ഉദ്ദേശിച്ചാണ്. അതിനാല്‍ ആ വാക്യത്തിന് ജ്ഞാനത്തോട് സംബന്ധമില്ല.
ഈശാവാസ്യത്തില്‍ ‘കുര്‍വന്നേഹ കര്‍മ്മാണി ജിജീവിഷേത് ശതം ശമാഃ ജീവിതകാലമായ 100 വര്‍ഷം കര്‍മ്മം ചെയ്ത് ജീവിക്കണമെന്ന് ശ്രുതി പറയുന്നു. അത് ജ്ഞാനിക്കും ബാധകമെന്നാണ് പൂര്‍വപക്ഷവാദം.
അത് വിശേഷമില്ലാതെ സാമാന്യമായി സാധാരണക്കാരെ ഉദ്ദേശിച്ച് പറയുന്നതാണ്. അതില്‍ ജ്ഞാനികളെപറ്റി വിശേഷിച്ച് ഒന്നും നിര്‍ദ്ദേശിച്ചിട്ടില്ലാത്തതിനാല്‍ അത് ബ്രഹ്മജ്ഞാനികള്‍ക്ക് ബാധകമല്ല. സാധാരണക്കാര്‍ക്ക് കര്‍മ്മലോപമില്ലാതിരിക്കുവാന്‍ വേണ്ടി വിധിക്കുന്നതാണ്. ബ്രഹ്മജ്ഞാനിക്ക് കര്‍മ്മലോപമില്ലെന്ന് ഈശാവാസ്യത്തിലെ ‘ന കര്‍മ്മ ലിപ്യതേ നരേ’എന്ന ശ്രുതിവാക്യത്തില്‍ പറയുന്നു.
















