ശ്രീനഗര്‍: ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ നാളെ ഒഴിയണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം. ഔദ്യോഗിക വസതികളില്‍ ജീവിതകാലം മുഴുവന്‍ താമസിക്കാനുള്ള അനുമതിയായിരുന്നു അര്‍ട്ടിക്കിള്‍ 370 മാറ്റുന്നതുവരെ. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിക്കും ഒമര്‍ അബ്ദുളളയ്‌ക്കും സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. 2019 ഒക്ടോബര്‍ 31 ന് ജമ്മു കശ്മീര്‍ പുനഃസംഘടന ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഔദ്യോഗിക വസതികള്‍ ഒഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
1984ലെ പെന്‍ഷന്‍ നിയമ പ്രകാരം ജമ്മു കശ്മീരിലെ നിയമസഭാ അംഗങ്ങള്‍ക്ക് ജീവിതകാലം മുഴുന്‍ സൗജന്യമായി ഔദ്യോഗിക വസതികളില്‍ താമസിക്കാനുള്ള സൗകര്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് 1996 മുതല്‍ കൂടുതല്‍ സൗകര്യങ്ങളും ഭേദഗതികളും നിയമസഭാ അംഗങ്ങള്‍ക്ക് അനുവദിച്ചു. എന്നാല്‍ ജമ്മു കശ്മീര്‍ പുനഃസംഘടന ബില്‍ നടപ്പില്‍ വന്നതോടെ നാളെ മുതല്‍ ഈ ആനുകൂല്യങ്ങളൊക്കെ എന്നേക്കുമായി സര്‍ക്കാര്‍ പിന്‍വലിക്കും.
നേരത്തെ, ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് വാടകയില്ലാതെയാണ് സര്‍ക്കാര്‍ വസതികള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതോടെ പുതിയ നിയമ പ്രകാരം എല്ലാ മുന്‍ മുഖ്യമന്ത്രിമാരും നാളെ ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞു പോകണമെന്നാണ് നിര്‍ദ്ദേശം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ഗുലാം നബി ആസാദ് നേരത്തെ തന്നെ സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നും മാറിയിരുന്നു. 2005-2008 സമയത്ത് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവര്‍ ഓഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്. ഗുപ്കര്‍ റോഡിലെ സര്‍ക്കാര്‍ ബംഗ്ലാവുകളിലാണ് ഇരു നേതാക്കളും താമസിക്കുന്നത്.
















