തിരുവന്തപുരം: വാളയാര്‍കേസിലും മഞ്ജുവാര്യരുടെ പരാതിയിലും ഒരക്ഷരം ഉരിയാടാത്ത വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം. വാളയാര്‍ വിഷയത്തില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമ പ്രവര്‍ത്തകര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികളുടെ വിഷയങ്ങളില്‍ എല്ലാം പ്രതികരണം നടത്തിയിരുന്ന ഡബ്ല്യൂസിസി ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല. സംഘടനയുടെ സജീവപ്രവര്‍ത്തകയായ മഞ്ജുവാര്യരുടെ പരാതിക്കാര്യത്തിലും സംഘടന ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇടതുപക്ഷത്തിന്റെ പിണിയാളുകളായി സംഘടന പ്രവര്‍ത്തിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.
സ്ത്രീകള്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത ചത്തശവം പോലെ കിടക്കുന്ന സംഘടന എന്തിനെന്നാണ് ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പേജില്‍ ഒരാള്‍ ചോദിച്ചത്. സംഘടനയിലെ സജീവാംഗമായ മഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിക്കു കൊടുത്ത പരാതിയിന്മേല്‍ സംഘടന ഒന്നും മിണ്ടാത്തതാണ് പ്രധനമായും സിനിമാ ആരാധകരെയും മറ്റുള്ളവരെയും ചൊടിപ്പിച്ചിരിക്കുന്നത്. ഇടക്കാലത്ത് സംഘടനയുമായി അകലംപാലിച്ചതിനാലാവാം ഡബ്ല്യുസിസി മഞ്ജുവിനെ പിന്തുണയ്‌ക്കാത്തതെന്നാണ് ചിലരുടെ കണ്ടെത്തല്‍.
ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജില്‍ കണ്ട ഒരു കമന്റ് ഇങ്ങനെയാണ് ‘ശരിക്കും ഈ സംഘടന എന്തിനു വേണ്ടിയുള്ള സംഘടനയാണ് ,നിങ്ങള്‍ എന്ത് സേവനമാണ് സമൂഹത്തിനു വേണ്ടി ചെയുന്നത്, ജനങ്ങള്‍ക്കോ അല്ലെങ്കില്‍ നിങ്ങളുടെ ഗ്രൂപ്പില്‍ പെട്ടവര്‍ക്കോ എന്തു സന്ദേശമാണ് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുക, മഞ്ജു വാരിയര്‍ എന്തുകൊണ്ട് നിങ്ങളുടെ സംഘടനയില്‍ നിന്ന് പിന്‍മാറി? നിങ്ങള്‍ ആര്‍ക്കെങ്കിലും വീട് വച്ചു കൊടുക്കുകയോ ധനസഹായം ചെയ്യുന്നതോ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. മാസം മാസം വന്ന് എഫ് ബിയില്‍ മുടങ്ങാതെ പോസ്റ്റ് ഇടുന്നു എന്നല്ലാതെ എന്താണ് നിങ്ങളെക്കൊണ്ട് കഴിഞ്ഞിട്ടുള്ളത്. ഇങ്ങനെ നിരവധി വിമര്‍ശനങ്ങളും രോഷപ്രകടനങ്ങളും ഡബ്ല്യുസിസിയുടെ പേജിലുണ്ട്.
















