തിരുവനന്തപുരം: തീവ്രവാദ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ പുകഴ്‌ത്തി കമ്മ്യൂണിസ്റ്റ് സാംസ്‌കാരിക നായകന്‍ സച്ചിദാനന്ദന്‍. മദനി മനുഷ്യാവകാശനീതി നിഷേധത്തിന്റെ ഉത്തമ ഇരയാണെന്നും അദ്ദേഹത്തിനു നീതി കിട്ടണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. മദനിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മദനി സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യവെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
ഇത്രയും കാലം ഒരാളെ തടവുകാരനാക്കുകയെന്നത് ഒട്ടും ശരിയല്ലാത്ത കാര്യമാണ്. കൃത്രിമമായുണ്ടാക്കിയ ദേശദ്രോഹക്കേസുകള്‍ മന:പൂര്‍വ്വം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തോളമായി അദ്ദേഹം ജയില്‍വാസം അനുഭവിക്കുന്നു. കര്‍ണാടക സര്‍ക്കാരില്‍ നിന്ന് അദ്ദേഹത്തിനു നീതി കിട്ടില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. മദനിയുടെ ആരോഗ്യനിലയിപ്പോള്‍ മോശമായിരിക്കുകയാണെന്നും ഗവണ്‍മെന്റ് ക്രൂരമായാണ് അദ്ദേഹത്തോട് പെരുമാറുന്നതെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.
ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ നേരിടുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. മദനിയുടെ ആരോഗ്യനില സംബന്ധിച്ച ജയില്‍സൂപ്രണ്ടിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി. ചികിത്സക്കു കൊണ്ടുപോകാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് നേരത്തെ മദനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
















