തിരുവനന്തപുരം: വാളയാറിൽ ലൈംഗിക പീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ ദളിത് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കുറ്റക്കാരെ രക്ഷപ്പെടുത്തുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ സംസാരം ശരിയല്ല. മുഖ്യമന്ത്രി എങ്ങനെയാണ് അസ്വാഭാവിക മരണം എന്നും ആത്മഹത്യ എന്നും പറയുന്നതെന്നും കുമ്മനം ചോദിച്ചു.
വിഷയത്തിൽ നവംബർ ഒന്ന് വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി ഉപവാസ സമരം നടത്തുമെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കുമ്മനം അറിയിച്ചു. തെളിവെടുപ്പിനായി ബാലാവകാശ കമ്മിഷൻ എത്തിയപ്പോൾ ഉദ്യോഗസ്ഥർ വിട്ടു നിന്നു. അംഗങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സർക്കാർ ഒരുക്കിയില്ല. കുട്ടികളുടെ മാതാപിതാക്കളെ തെളിവെടുപ്പിൽ നിന്ന് വിട്ടുനിർത്താനായി മുഖ്യമന്ത്രി തിരുവനന്തപുരത്തേയ്‌ക്ക് വിളിപ്പിച്ചുവെന്നും കുമ്മനം കുറ്റപ്പെടുത്തി.
മഞ്ചിക്കണ്ടി വനത്തിൽ പോലീസിന്റെ വെടിവയ്‌പിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ട്. നടന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്ന് പറയണം. ഇതേക്കുറിച്ച് അന്വേഷണം നടത്തണം. ഈ സംഭവത്തിൽ സിപിഐയുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്. ആരെയും ഏകപക്ഷീയമായി വെടിവച്ച് കൊല്ലുന്നതിനോട് യോജിപ്പില്ലെന്നും കുമ്മനം പറഞ്ഞു.
















