ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്നു എന്നാരോപിച്ച് നവംബര്‍ അഞ്ചു മുതല്‍ പത്തുദിവസത്തേക്ക് ദേശവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. എന്നാല്‍, ഈ പ്രക്ഷോഭത്തില്‍ എവിടേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ പങ്കെടുക്കില്ല. കുറേനാളുകളായി വിദേശവാസത്തിലുള്ള രാഹുല്‍ ഗാന്ധി എവിടെയാണെന്ന ചോദ്യത്തിന് അദ്ദേഹം പതിവുള്ള ധ്യാനത്തിനു പോയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറയുന്നത്. എന്നാല്‍, എവിടെയാണെന്നു അദ്ദേഹം മറുപടി നല്‍കിയില്ലെങ്കിലും രാഹുല്‍ ഇപ്പോള്‍ ഇന്തോനേഷ്യയിലാണെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
രാഹുല്‍ ധ്യാനിക്കാന്‍ പോകുന്ന ആളാണ്. ഇപ്പോഴും അത്തരമൊരു യാത്രയിലാണ്. ഉടന്‍ തിരിച്ചു വരും. പത്തുദിവസത്തെ പ്രക്ഷോഭപരിപാടികള്‍ രാഹുല്‍ കൂടി പങ്കെടുത്ത യോഗമാണ് തീരുമാനിച്ചത്. എന്നാല്‍, പ്രക്ഷോഭത്തില്‍ എവിടേയും രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ പങ്കെടുക്കില്ലെന്നും സുര്‍ജേവാല.
ഹരിയാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പിനു തൊട്ടുമുന്നോടിയായി ഒക്ടോബര്‍ ഏഴിന് രാഹുല്‍ കംബോഡിയയിലേക്കു പറന്നത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലാണ് രാഹുല്‍ തിരിച്ചെത്തിയത്. അതേ സമയം രാഹുലിന്റെ ഈ നിസംഗതക്കെതിരെ കോണ്‍ഗ്രസില്‍ പ്ര തിഷേധം ശക്തമായിട്ടുണ്ട്. രാഹുല്‍ സംഘടനാകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതില്‍ നേതാക്കള്‍ നേരിട്ട് അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.
















