ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറ തുറന്ന് ആഭരണശേഖരത്തിന്റെ കണക്കെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്തെ ബിജെപി നേതാവ് പ്രദിപ്ത കുമാര്‍ നായിക്. ക്ഷേത്രത്തിലെ സ്വര്‍ണ്ണം, വെള്ളി, വജ്രം എന്നീ ശേഖരത്തിന്റെ കണക്കെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് കത്തയച്ചിട്ടുണ്ട്.
സ്വര്‍ണ്ണവും വജ്രവും ഉള്‍പ്പടെ നിരവധി ആഭരണങ്ങളാണ് പുരി ക്ഷേത്ത്ര നിലവറയില്‍ ഉള്ളത്. എന്നാല്‍ ഇതിന്റെ താക്കോല്‍ കാണാതായത് സംസ്ഥാന സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. താക്കോല്‍ നഷ്ടമായത് മുതല്‍ നിധി മോഷ്ടിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ ഉടന്‍ ഓഡിറ്റ് നടത്തി ദൈവത്തിന്റെ സമ്പത്ത് സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും നായിക് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ക്ഷേത്ര ഭണ്ഡാരം തുറക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. നിലവറ അങ്ങിനെ തന്നെ തുടരട്ടെയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് ചന്ദ്ര രൗത്രേ എംഎല്‍എ അറിയിച്ചു. രത്ന കലവറയുടെ താക്കോല്‍ കാണാതായതില്‍ കോടിക്കണക്കിന് വിശ്വാസികള്‍ക്ക് ആഴത്തിലുള്ള സംശയമുണ്ടാക്കുന്നുണ്ട്. അതിനാല്‍ ഉടന്‍ തന്നെ ഓഡിറ്റ് നടത്തി വിവരങ്ങള്‍ പുറത്തുവിടണം, 1978-ല്‍ തയ്യാറാക്കിയ പട്ടികയുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രിയോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
1978ലാണ് നിലവറ ഒടുവില്‍ തുറന്നത്. എന്നാല്‍ 128 കിലോ സ്വര്‍ണ്ണം, 221.5 കിലോയുടെ വെള്ളി പാത്രങ്ങള്‍, വിലപിടിപ്പുള്ള പൂജാ വസ്തുക്കള്‍ തുടങ്ങിയവ രത്ന ഭണ്ഡാരത്തിലുണ്ടെന്ന് ഒഡിഷ നിയമ മന്ത്രി പ്രതാപ് ജെന കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. താക്കോല്‍ കാണാതായത് വിവാദമായ സന്ദര്‍ഭത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.
താക്കോല്‍ കാണാതായതിനെതിരെ പ്രതിഷേധം ശക്തമായതോടെ ക്ഷേത്രത്തിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പടെയുള്ളവരെ മാറ്റുകയും വിഷയത്തില്‍ അന്വേഷണം നടത്തുന്നതിന് ഒഡീഷ സര്‍ക്കാര്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. അതിനിടെ ക്ഷേത്രത്തിലെ ഡെപ്യൂട്ടി ചീഫ് അഡ്മിനിസ്ട്രേറ്ററായിരുന്ന അന്നത്തെ പുരി ജില്ലാ കളക്ടര്‍ അരവിന്ദ് അഗര്‍വാള്‍ രത്‌ന ഭണ്ഡാരത്തിന്റെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ജില്ലാ കളക്ടറേറ്റിലെ റെക്കോര്‍ഡ് മുറിയില്‍ നിന്ന് കണ്ടെത്തിയതായി അറിയിച്ചിരുന്നു. എന്നാല്‍ ഡൂപ്ലിക്കേറ്റ് തന്നൈയാണോ അതുകൊണ്ട് തുറക്കാന്‍ സാധിക്കുമോ എന്ന കാര്യം ഇതുവരെ പരിശോധിച്ചിട്ടില്ല.
നിലവറയുടെ താക്കോല്‍ കാണാതായത് സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ 324 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും ഇതുവരെ അത് പരസ്യമാക്കിയിട്ടുമില്ല. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 22.27 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇതും വിവാദമായിരിക്കുകയാണ്.
















