ന്യൂദല്‍ഹി: രാഷ്‌ട്രപതിയും മന്ത്രിമാരും പലപ്പോഴും സുരക്ഷയ്‌ക്കും പ്രോട്ടോക്കോളിനുമാണ് പരിഗണന നല്‍കുന്നതെങ്കിലും അതില്‍ നിന്നു വേറിട്ടൊരു കാഴ്ചയ്‌ക്കാണ് ന്യൂദല്‍ഹിയിലെ ദേശീയ സിഎസ്ആര്‍ അവാര്‍ഡ് ദാന ചടങ്ങിന്റെ വേദി സാക്ഷ്യം വഹിച്ചത്. ചടങ്ങില്‍ ദേശീയഗാന ആലാപനം നടക്കുമ്പോഴാണ് വേദിക്കു താഴെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിത ഗാര്‍ഡ് തലകറങ്ങി വീണത്.
ദേശീയ ഗാനം തീര്‍ന്നതും രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍, സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ വളരെപ്പെട്ടന്ന് വേദി വിട്ടിറങ്ങുകായിയിരുന്നു. കുടെയുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ ആദ്യം അമ്പരന്നെങ്കിലും അവരും പിന്നാലെ കൂടി. വനിത ഗാര്‍ഡിനെ അപ്പോഴേക്കും സഹപ്രവര്‍ത്തകര്‍ താങ്ങി എഴുന്നേല്‍പ്പിച്ചിരുന്നു. രാഷ്‌ട്രപതിയും മന്ത്രിമാരും തന്റെ അടുക്കലേക്ക് വരുന്നത് അത്ഭുതത്തോടെയാണു വനിത ഗാര്‍ഡ് കണ്ടത്. രാഷ്‌ട്രപതി രാംനാഥ് ഗോവിന്ദ് ഗാര്‍ഡിന്റെ തോളില്‍ തട്ടിയാണ് കാര്യങ്ങള്‍ അന്വേഷിച്ചത്. അനുരാഗ് ഠാക്കൂറാകട്ടെ വേദിയില്‍ നിന്നു വെള്ളത്തിന്റെ കുപ്പിയുമായാണ് എത്തിയത്. നിര്‍മല സീതാരാനയും യുവതിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് തിരികെ വേദിയിലേക്ക് കയറിയത്.
















